വിശ്വനാഥന്റെ മരണം: ഒരു വർഷം പിന്നിട്ടിട്ടും ദുരൂഹത ഒഴിഞ്ഞില്ല
Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മരിച്ച ആദിവാസി യുവാവ് കൽപറ്റ വെള്ളാരംകുന്ന് പുഴമുട്ടി അഡ്‌ലഡ് പാറവയൽ കോളനിയിൽ വിശ്വനാഥന്റെ (46) മരണത്തിലെ ദുരൂഹത നീങ്ങിയില്ല. ഒരു വർഷം മുൻപാണ് 2023 ഫെബ്രുവരി 10ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിന് എത്തിയ വിശ്വനാഥനെ സമീപത്തുളള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം നടന്നതായി കുടുംബം ആരോപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 8 വർഷം കാത്തിരുന്ന ശേഷം ജനിച്ച കുട്ടിയെ ഒരു നോക്ക് കാണാതെ വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു.
പണവും മൊബൈൽ ഫോണും വിശ്വനാഥൻ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ തന്നോടും ഇൻസ്‌പെക്ടർ പറഞ്ഞതായി സഹോദരൻ വിനോദ് പറഞ്ഞു. ആൾക്കൂട്ട വിചാരണയും മർദനവുമല്ല മരണകാരണമെന്ന് ഇരുനൂറിലേറെ പേരെ ചോദ്യം ചെയ്തതിൽ നിന്ന് തെളിഞ്ഞതെന്ന് കഴിഞ്ഞമാസം 9ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൽ വഹാബ് കോഴിക്കോട് ജില്ലാ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലിനെ കുടുംബം തള്ളിക്കളഞ്ഞിട്ടുണ്ട്.
ലഭിച്ചത് 2 ലക്ഷം മാത്രം
പട്ടികജാതി, പട്ടികവർഗ കമ്മിഷൻ അനുവദിച്ച 2 ലക്ഷം രൂപ മാത്രമാണ് വിശ്വനാഥന്റെ കുടുംബത്തിന് ലഭിച്ചത്. ഭാര്യയ്ക്ക് സർക്കാർ ജോലിയെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായിട്ടില്ല. ഭാര്യ ബിന്ദു വിശ്വാനാഥന്റെ മരണത്തിന് 3 ദിവസം മുമ്പ് പ്രസവിച്ച മകനിപ്പോൾ ഒരു വയസ്സായി.
കോടതിൽ നിന്ന് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവാശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടി തുടങ്ങും.
പുനരന്വേഷണത്തിനായി മേൽക്കോടതിയിൽ പോകാനാണ് തീരുമാനമെന്നും വിശ്വനാഥന് നീതി ഐക്യദാർഢ്യസമിതി ചെയർമാൻ ഡോ.പി.ജി.ഹരി പറഞ്ഞു.