ADVERTISEMENT

കോഴിക്കോട്∙ കെമിസ്ട്രി എല്ലായിടത്തുമുണ്ടെന്നും അതിനാൽ തന്നെ എഴുത്തും വായനയും പോലെ കെമിസ്ട്രിയും ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചു തുടങ്ങണമെന്നും 2022ലെ  രസതന്ത്ര നൊബേൽ സമ്മാന ജേതാവും ക്ലിക് കെമിസ്ട്രിയുടെ ആവിഷ്കാരകനുമായ പ്രഫ.മോർട്ടൻ മെൽഡൽ. മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരോടും വിദ്യാർഥികളോടും സംവദിക്കുകയായിരുന്നു അദ്ദേഹം. 

നൊബേൽ സമ്മാനം സ്വീകരിച്ചതിനെക്കുറിച്ച് വാചാലനായ പ്രഫ.മെൽഡൽ നൊബേൽ മെഡൽ ഉയർത്തിക്കാട്ടിയപ്പോൾ സദസ്സിലാകെ കരഘോഷം മുഴങ്ങി.  കാലിക്കറ്റ് കെമിസ്ട്രി കലക്ടീവും  മലബാർ ക്രിസ്ത്യൻ കോളജ് കെമിസ്ട്രി വകുപ്പും ചേർന്നാണ് പ്രഫ.മോർട്ടൻ മെൽഡലിനും ഭാര്യ ഡോ.ഫിഡ്രിയ മേരി സെന്റ് ഹിലാരിക്കും സ്വീകരണം നൽകിയത്.

കേരളീയ വേഷത്തിലെത്തിയ ഇരുവരും കോളജ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർചന നടത്തിയ ശേഷം കെമിസ്ട്രി വകുപ്പും ലാബുകളും സന്ദർശിച്ചു. കോഴിക്കോട്ടെ വിവിധ കോളജുകൾ, കോഴിക്കോട് യൂണിവേഴ്സിറ്റി, എൻഐടി എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ പ്രഫ.മെൽഡൽ ആധുനിക കാലഘട്ടത്തിലെ രസതന്ത്ര ശാസ്ത്ര ഗവേഷണം, ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം, ഗവേഷണരംഗത്തെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയവയിൽ തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകി. മേയർ ബീന ഫിലിപ്, ഡോ.വി.ടി.രമ, ഡോ. അബ്ദുൽ ജലീൽ എന്നിവർ മെൽഡലിനെ പൊന്നാടയണിയിച്ചു. ലിംഗ സമത്വത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഫിഡ്രിയ മേരി സെന്റ് ഹിലാരി സംസാരിച്ചു. സിഎസ്ഐ മലബാർ മഹായിടവക ബിഷപ്  ഡോ.റോയ്സ് മനോജ് വിക്ടർ, ഡോ.റെനിൽ മാനാട്ട്, ഡോ.സച്ചിൻ ജയിംസ്, ഡോ.കെ.കെ.ദേവദാസൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com