വടകര നഗരസഭയുടെ കളരി മഹോത്സവം ഇന്നു തുടങ്ങും
Mail This Article
വടകര ∙ കടത്തനാടിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന കളരികൾക്ക് പ്രചോദനമേകാൻ നഗരസഭ സംഘടിപ്പിക്കുന്ന കളരി മഹോത്സവം ഇന്ന് നാരായണ നഗർ ഗ്രൗണ്ടിൽ തുടങ്ങും. വൈകിട്ട് 6ന് പ്രത്യേകം തയാറാക്കിയ അങ്കത്തട്ടിൽ അഭ്യാസ പ്രകടനങ്ങളോടെ തുടക്കം കുറിക്കും. പത്മശ്രീ അവാർഡ് ജേതാവ് എസ്.ആർ.ഡി പ്രസാദ് മുഖ്യാതിഥിയാകും. അങ്കത്തട്ടിൽ തിരി തെളിയിക്കൽ, നഗരസഭ ആർച്ച വൊളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പുതുപ്പണം അങ്കം കടത്തനാട് കളരി സംഘം, പേരാമ്പ്ര കാവിൽ യോഗ കളരി എന്നിവരുടെ കളരി അഭ്യാസ പ്രകടനവും ചെമ്മരത്തൂർ മഹേഷ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന രാജസൂയം കോൽക്കളിയും തച്ചോളി കളിയും നടക്കും. തുടർന്ന് ദഫ് മുട്ടും അറവനമുട്ടും നടക്കും. എസ്.ആർ.ഡി പ്രസാദ്, കെ.ഗോപാലൻ വൈദ്യർ, അഷ്‌വാക്ക്, മഹേഷ് ഗുരുക്കൾ, കണാരൻ ഗുരുക്കൾ എന്നിവരെ ആദരിക്കും.
നാളെ വൈകിട്ട് 6ന് വടക്കൻ പാട്ടും കടത്തനാടൻ കളരിയും എന്ന വിഷയത്തിൽ പത്മലോചനന്റെ പ്രഭാഷണം, വില്യാപ്പള്ളി ചൂരക്കൊടി, പുതുപ്പണം കടത്തനാട് ചേകോർ കളരി സംഘം എന്നിവയുടെ അഭ്യാസ പ്രകടനം നടക്കും. തിക്കോടി പി.വി.മുഹമ്മദ് ഗുരുക്കൾ സ്മാരക കളരി സംഘത്തിന്റെ പരിചമുട്ട് കളി, കോൽക്കളി, പണിക്കൂട്ടി ടീം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി എന്നിവ നടക്കും.18ന് വൈകിട്ട് 6 ന് കടത്തനാടൻ കളരിയുടെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തിൽ ഡോ.വിജയരാഘവൻ പ്രഭാഷണം നടത്തും. മീനാക്ഷി ഗുരുക്കൾ, കരുണൻ ഗുരുക്കൾ, പാലേരി രമേശൻ, ദേവരാജൻ ഗുരുക്കൾ, മുകുന്ദൻ ഗുരുക്കൾ, കുഞ്ഞിമൂസ ഗുരുക്കൾ, ഒഞ്ചിയം പ്രഭാകരൻ, ഗോപാലൻ ഗുരുക്കൾ, സുരേഷ് ഗുരുക്കൾ, ഷിഫിലി ഷഫാദ് എന്നിവരെ ആദരിക്കും. പുതുപ്പണം കടത്തനാട് കെപിസിജിഎം കളരി സംഘം, പുറമേരി കടത്തനാട് കളരി സംഘം എന്നിവയുടെ അഭ്യാസ പ്രകടനം നടക്കും.