ദേശീയപാത 66 വികസനം: എല്ലാം പൊളിച്ചു നീക്കി; പൊരിവെയിലിൽ വലഞ്ഞ് യാത്രക്കാർ
Mail This Article
കൊയിലാണ്ടി∙ വെങ്ങളം, ചെങ്ങോട്ടുകാവ് മേഖലയിൽ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ യാത്രക്കാർ വലയുന്നു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം മന്ദഗതിയിലായിരുന്ന നിർമാണ പ്രവൃത്തി ഇപ്പോൾ വേഗത്തിലായി. പൂക്കാടിനും ചേമഞ്ചേരിക്കും ഇടയിൽ ഗതാഗതം പുതുതായി നിർമിച്ച പാതയിലൂടെ തിരിച്ചുവിട്ടു. പഴയ റോഡിൽ മണ്ണു നിറച്ച് പുതിയ പാത രൂപപ്പെടുത്തും.
ചേമഞ്ചേരിക്കും പൊയിൽക്കാവിനും ഇടയിലാണ് ഇപ്പോൾ കാര്യമായ പ്രവൃത്തി നടക്കാത്തത്. റോഡ് നിർമാണത്തിനായി ബസ് കാത്തിരിപ്പുകേന്ദ്രങ്ങളെല്ലാം പൊളിച്ചു നീക്കിയതോടെ പൊരിവെയിലത്ത് ബസ് കാത്തിരിപ്പ് കഠിനമാകുകയാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനും സിഎച്ച്സിക്കും സമീപത്തെ ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കി.
വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വെയിൽ കൊണ്ടു നിൽക്കേണ്ട അവസ്ഥയാണ്. പൊയിൽക്കാവ്, പൂക്കാട്, വെറ്റിലപ്പാറ എന്നിവിടങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രം നീക്കി. തിരുവങ്ങൂർ– കുനിയിൽക്കടവ് റോഡ് സന്ധിക്കുന്നിടത്ത് നിർമിച്ച മേൽപാലത്തിൽ ഗർഡറുകൾ പൂർണമായി കയറ്റി. ഇനി ഗർഡറുകൾക്കു മുകളിൽ സ്പാൻ നിർമിക്കുകയും പാലത്തിലേക്ക് ബന്ധിപ്പിച്ചു റോഡ് നിർമിക്കുകയും വേണം. തിരുവങ്ങൂരിൽ സർവീസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല.
ഹ്രസ്വദൂര ബസുകൾ സർവീസ് നടത്തുന്ന സർവീസ് റോഡിൽ ബസ് ബേകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നിർമിച്ചില്ലെങ്കിൽ യാത്രക്കാർ ബുദ്ധിമുട്ടിലാകും. സർവീസ് റോഡുകൾക്ക് വീതി കുറവായതിനാൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ പിറകെ വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്തു പോകാനും പ്രയാസമാകും.