ADVERTISEMENT

കോഴിക്കോട്∙  സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎമ്മിന്റെ ആദ്യ നിലപാട് വിവാദമായി. ആർഎസ്എസ് നടത്തിയ കൊലപാതകമെന്ന നിലയിൽ ആദ്യ മണിക്കൂറിൽ നടത്തിയ പ്രചാരണം പെട്ടെന്നു തന്നെ സിപിഎം പിൻവലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം അപ്പോഴേക്കും പ്രചരിച്ചിരുന്നു. കൊലപാതകത്തിനു കാരണം വ്യക്തിവൈരാഗ്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പിന്നീട് പറഞ്ഞപ്പോൾ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കൊലപാതകം ആർഎസ്എസ്– ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ വ്യാജ പ്രചാരണം അഴിച്ചു വിട്ട.

Abhilash hacked Sathyanath to death on Thursday night. Photo: Special Arrangement
അഭിലാഷ്, സത്യനാഥ് (photo: Special Arrangement)

സിപിഎം ജനപ്രതിനിധികളുടെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.പ്രതിയായ അഭിലാഷിനെ സിപിഎമ്മിലേക്കു കൊണ്ടു വന്നതു സത്യനാഥാണ്. സത്യനാഥന്റെ കീഴിൽ ഏറെക്കാലം അഭിലാഷ് പാർട്ടി പ്രവർത്തനം നടത്തിയിരുന്നു. പിന്നീട് നഗരസഭയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഇവിടെ നിന്ന് ഒഴിവാക്കിയതിനെത്തുടർന്നു വിദേശത്തു പോയി. തിരിച്ചെത്തിയ ശേഷം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയിലെ വാഹനത്തിന്റെ ഡ്രൈവറായി. സ്വഭാവദൂഷ്യം ആരോപിച്ച് അഭിലാഷിനെ ഇവിടെ നിന്നു പുറത്താക്കി. പാർട്ടി പ്രവർത്തനത്തിൽ നിന്നു മാറ്റി നിർത്തി. ഇതിന്റെ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമായതെന്നാണു പൊലീസ് പറയുന്നത്.

കാരണം വ്യക്തിവൈരാഗ്യം: പി.മോഹനൻ
കോഴിക്കോട്∙ രാഷ്ട്രീയമല്ല, വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. പാർട്ടിയിൽ നിന്ന് 7 കൊല്ലം മുൻപ് പുറത്താക്കിയ വ്യക്തിയാണ് സത്യനാഥനെ കൊലപ്പെടുത്തിയത്.

വ്യക്തിവൈരാഗ്യം മാത്രമെന്ന് വിശ്വസിക്കാനാകില്ല: പ്രവീൺ കുമാർ
കോഴിക്കോട്∙ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥനെ കൊലപ്പെടുത്തിയ പ്രതി ആരുടെ ക്വട്ടേഷനാണ് ഏറ്റെടുത്തു നടപ്പാക്കിയതെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. വ്യക്തിവിരോധം കൊണ്ട് മാത്രമാണ് കൊലപാതകമെന്നു വിശ്വസിക്കാനാകില്ല. കൊലയാളി ദീർഘകാലമായി പാർട്ടി അംഗമാണ്. പാർട്ടിയുടെ ‘പ്രതിരോധ സേന‘യുടെ (ക്വട്ടേഷൻ സംഘം) നേതൃനിരയിലുള്ള ആളാണ്. കുറ്റമറ്റ അന്വേഷണം നടന്നെങ്കിലേ യഥാർഥ പ്രതികൾ നിയമത്തിന്റെ മുന്നിലെത്തൂ എന്നും പ്രവീൺ കുമാർ പറഞ്ഞു.

സിപിഎം പ്രതിഷേധിച്ചു
കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ, ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം സത്യനാഥന്റെ ജീവനെടുക്കാൻ കാരണമായതെന്നു കരുതുന്നു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സിപിഎം ചാനലിനെതിരെ നിയമനടപടിയെന്ന് എം.ടി.രമേശ്
കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ സിപിഎം പാർട്ടി ചാനലിന്റെയും നേതാക്കളുടെയും പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകും. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ജനമധ്യത്തിലാണ് കൊലപാതകം. സംഭവം നാട്ടുകാർ മുഴുവൻ കണ്ടതാണ്. എന്നിട്ടും കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് പാർട്ടി ചാനൽ വാർത്ത കൊടുത്തു. നേരത്തേയും ഇതുപോലെ രക്തസാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സിപിഎം നേതാക്കളുടെ പേരിൽ കേസ് എടുക്കണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com