അഴിയൂർ– മുഴപ്പിലങ്ങാട് ബൈപാസ് ഉടൻ തുറക്കും; ടോൾ നിരക്കുകൾ നിശ്ചയിച്ചു, ഇനി മിനുക്കുപണികൾ മാത്രം
Mail This Article
വടകര∙ ദേശീയപാത 66 ൽ അഴിയൂർ– മുഴപ്പിലങ്ങാട് ബൈപാസിൽ മാഹി റെയിൽവേ മേൽപാലത്തിന്റെ പണി പൂർത്തിയായതോടെ പാത ഗതാഗതത്തിന് ഉടൻ തുറന്നു കൊടുക്കും. റെയിൽവേ മേൽപാലത്തിൽ ഗർഡറുകൾ പൂർണമായും സ്ഥാപിച്ച് ടാറിങ് നടത്തി. അത്യാവശ്യ മിനുക്കു പണികൾ മാത്രമാണ് ബാക്കി. കരാർ കമ്പനി ബൈപാസ് ദേശീയപാത വിഭാഗത്തിന് വൈകാതെ കൈമാറും. മുഴപ്പിലങ്ങാട്, ബാലം, കൊളശ്ശേരി, കുട്ടി മാക്കൂൽ, പള്ളൂർ, മാഹി, കക്കടവ്, അഴിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ സർവീസ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. ഭൂമി വിട്ടു കിട്ടാത്തതാണ് കാരണം.
യാത്രയ്ക്ക് വാഹനങ്ങൾ നൽകേണ്ട ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി നിശ്ചയിച്ചു. ബാലം പാലത്തിനും പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനും ഇടയിൽ കൊളശ്ശേരിക്കു സമീപമാണ് ടോൾ പ്ലാസ. റോഡിന്റെ ഇരുവശത്തും രണ്ടു വരികളായി വാഹനങ്ങൾക്കു കടന്നു പോകാവുന്ന വിധത്തിലാണ് പ്ലാസയിലെ ക്രമീകരണം.ദേശീയപാതയിൽ 60 കിലോ മീറ്ററിൽ ഒരിടത്തു മാത്രമേ ടോൾ പിരിവിന് അനുമതി ഉള്ളൂ. ദേശീയപാത 66 ന്റെ നവീകരണം പൂർത്തിയാകുന്നതോടെ കല്യാശ്ശേരിയിൽ ടോൾ പ്ലാസ തുറക്കും. അതോടെ തലശ്ശേരി – മാഹി ബൈപാസിലെ ടോൾ പ്ലാസ ഒഴിവാക്കും. മുക്കാളിയിൽ ദേശീയപാത 66 ൽ ടോൾ പ്ലാസ വരുന്നുണ്ട്.
കാറിന് 65 രൂപ, ലോറിക്ക് 225
വടകര∙ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ. 50 യാത്രകൾക്ക് 2195 രൂപ തോതിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്ക് 105 രൂപ. ഒരേ ദിവസം ഇരുവശത്തേക്കും ഉള്ള യാത്രയ്ക്ക് 160 രൂപ.ബസുകൾക്കും ലോറികൾക്കും (2 ആക്സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം.8105 രൂപയ്ക്ക് പ്രതിമാസ പാസും ഉണ്ട്. ടോൾ പ്ലാസയ്ക്ക് 20 കിലോ മീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് ലഭിക്കും.