പന്നിക്കോട്ടൂർ കോളനിയിൽ കുടിവെള്ള പ്രശ്നം രൂക്ഷം
Mail This Article
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ ഒന്നാം വാർഡിലെ പന്നിക്കോട്ടൂർ കോളനി മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ വലയുന്നു. ജലജീവൻ പദ്ധതിയിൽ വീടുകൾക്ക് മുൻപിൽ പൈപ്പും ടാപ്പും മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചെങ്കിലും വെള്ളം ലഭിച്ചിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു.
പെരുവണ്ണാമൂഴി ഡാമിലെ വെള്ളം തോണക്കരകുന്ന് ടാങ്കിൽ എത്തിച്ച് ജലവിതരണം നടത്തുന്ന ചക്കിട്ടപാറ ജലജീവൻ പദ്ധതിയുടെ ഭാഗമായാണ് ഈ കോളനിയിൽ വെള്ളം ലഭിക്കേണ്ടത്. എന്നാൽ തോണക്കരകുന്ന് ടാങ്കിന്റെ ഭൂമിയുടെ വില സ്വകാര്യ വ്യക്തിക്ക് നൽകി ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്ത് നടപടികൾ വൈകുന്നതാണ് പ്രശ്നം.
കോളനിയിലെ ഒട്ടേറെ വീടുകളിൽ വെള്ളം ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ എത്തിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും കുറഞ്ഞ അളവിൽ മാത്രമാണ് ഇപ്പോൾ ഒരോ കുടുംബത്തിനും ലഭിക്കുന്നത്.അലക്കുന്നതിനും, കുളിക്കുന്നതിനും പുഴയിലെ വെള്ളത്തെ ആശ്രയിച്ചിരുന്നെങ്കിലും പുഴയിലെ വെള്ളവും വറ്റുന്നതു കോളനി നിവാസികളെ വലയ്ക്കുകയാണ്. വെള്ളത്തിന്റെ കടുത്ത ക്ഷാമം നേരിടുമ്പോൾ നിരവധി കുടുംബങ്ങൾ വാഹനത്തിൽ വെള്ളം എത്തിക്കുകയാണ് പതിവ്.
ടാങ്കിന്റെ ഭൂമി പഞ്ചായത്ത് അടിയന്തരമായി ഏറ്റെടുത്ത് കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് ജലവിതരണത്തിന് നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. രൂക്ഷമായ ജലപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തരമായി വാഹനത്തിൽ കൂടുതൽ അളവ് വെള്ളം എത്തിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.