ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ; നവജാത ശിശു രണ്ടു മാസമായി വെന്റിലേറ്ററിൽ
Mail This Article
താമരശ്ശേരി ∙ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം ഗുരുതരാവസ്ഥയിലായ നവജാതശിശു മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ. പുതുപ്പാടി കോരങ്ങൽ ബിനീഷിന്റെയും ബിന്ദുവിന്റെയും കുട്ടിയാണ് രണ്ടു മാസത്തിലേറെയായിട്ടും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നത്. തലച്ചോറിലെ ക്ഷതമാണ് അവസ്ഥ ഗുരുതരമാക്കിയത്.
കഴിഞ്ഞ ഡിസംബർ 13 ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനെത്തിച്ചപ്പോൾ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ആവശ്യമായ പരിചരണം നൽകാതെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും തലച്ചോറിൽ ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായി.
നവജാത ശിശുവിന്റെയും അമ്മയുടെയും ദയനീയവാസ്ഥ സംബന്ധിച്ച് കഴിഞ്ഞ 20ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുട്ടിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ എസ്പി എന്നിവർക്ക് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണ നടപടികൾ ഉണ്ടായില്ലെന്ന് പരാതി ഉയർന്നു.
കൂലിപ്പണി എടുത്ത് കഴിയുന്ന കുടുംബം കഴിഞ്ഞ 3 മാസത്തോളമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ടെസ്റ്റുകളും ചികിത്സയുമായി കഴിയുകയാണ്.