പോളിടെക്നിക് വിദ്യാർഥിയുടെ മരണം: പൊലീസ് അന്വേഷണം ഫലം കണ്ടില്ല
Mail This Article
നടുവണ്ണൂർ ∙ കോട്ടൂർ പഞ്ചായത്ത് നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം 2 വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മൂന്നാം വർഷ വിദ്യാർഥിയായിരുന്ന അശ്വന്തിന്റെ മൃതദേഹം കോളജ് ഹോസ്റ്റലിൽ 2021 ഡിസംബർ 1 ന് രാവിലെ കെട്ടിത്തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണത്തോട് ഇതിനു സാമ്യമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഗുരുതരമായ അനാസ്ഥ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണം നടന്ന് 2 വർഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോൺ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേൽപിക്കാൻ പൊലീസ് തയാറായിട്ടില്ല. കാര്യക്ഷമമായ അന്വേഷണം നടത്തി മരണ കാരണം കണ്ടെത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.