കെ. മുരളീധരനായി ചുമരെഴുത്ത്, ബാനറുകൾ, പോസ്റ്ററുകൾ; എല്ലാം വെറുതെയായി, ഇനി മാറ്റി വരയ്ക്കണം
Mail This Article
വടകര∙ മാറ്റി വരയ്ക്കേണ്ട ചുമരെഴുത്തുകൾ, ബാനറുകളും പോസ്റ്റുകളും... യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ വടകരയിൽ നിന്നു തൃശൂരിലേക്ക് മാറിയപ്പോൾ യുഡിഎഫ് പ്രാദേശിക നേതാക്കളും പ്രവർത്തകരും ആശങ്കയിലായി. 10 നു നടക്കുന്ന കൺവൻഷനോടനുബന്ധിച്ച് കെ.മുരളീധരനു ഗംഭീര സ്വീകരണവും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പെട്ടെന്നുണ്ടായ സ്ഥാനാർഥി മാറ്റം.
പലയിടത്തും ചുമരുകളിലും ബാനറുകളിലും മുരളീധരന്റെ ചിത്രം സഹിതമായിരുന്നു വോട്ട് അഭ്യർഥന. സ്ഥാനാർഥി നിർണയം പൂർത്തിയാകാതെ ബാനറും ചുമരെഴുത്തും വേണ്ടെന്ന തീരുമാനത്തിലായിരുന്നു യുഡിഎഫ്. എന്നാൽ മറ്റു 2 മുന്നണിയും സ്ഥാനാർഥികളെ തീരുമാനിച്ച് പൊതുപര്യടനം തുടങ്ങിയതോടെ പ്രചാരണത്തിൽ പിന്നിലാകുമെന്ന ആധിയിലായി യുഡിഎഫ്. കെ.മുരളീധരൻ വടകരയിൽ തന്നെ എന്ന ഉറപ്പ് കിട്ടിയതോടെയാണ് ചുമരെഴുതി പോസ്റ്ററുകൾ പതിച്ചു തുടങ്ങിയത്. പക്ഷേ, എല്ലാം വെറുതെയായി.
തൃശൂർ സ്റ്റിക്കർ റെഡി
നാദാപുരം∙ വടകര ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരനായിരിക്കും യുഡിഎഫ് സ്ഥാനാർഥി എന്ന നിഗമനത്തിൽ തയാറാക്കിയ പോസ്റ്ററുകളിലും ബോർഡുകളിലും വടകര ലോക്സഭാ മണ്ഡലം എന്നതിലെ വടകരയ്ക്കു പകരം തൃശൂർ എന്ന സ്റ്റിക്കർ പതിക്കും. വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ബോർഡുകൾ തയാറാക്കിയതിനിടയിലാണ് പെട്ടെന്ന് മുരളീധരനു തൃശൂരിലേക്കു മാറേണ്ടി വന്നത്. വ്യാഴാഴ്ച രാത്രി തന്നെ ബോർഡുകൾ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. ബഹുവർണ പോസ്റ്ററുകളും മുരളിക്കായി പ്രിന്റ് ചെയ്തിരുന്നു. ചുമരെഴുതിയത് മുരളീധരൻ എന്നതു മാറ്റി ഷാഫി പറമ്പിൽ എന്നാക്കേണ്ടി വരും.