വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനവുമായി ഐഎൻഎൽ
Mail This Article
കോഴിക്കോട്∙ കേരളമടക്കമുള്ള പതിമൂന്ന് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26 വെള്ളിയാഴ്ച ആണെന്നതിനാൽ വോട്ടർമാരുടെയും മുസ്‌ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം കണക്കിലെടുത്ത് വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കമെന്നാവശ്യപ്പെട്ട് ഐഎൻഎൽ ദേശീയ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കി.
കേരളം, ജമ്മു കശ്മീർ, അസം, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്‌ലിം വോട്ടർമാർക്ക് വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ബുദ്ധിമുട്ടാകുമെന്നും പോളിങ് ശതമാനം കുറയാൻ ഇടയാക്കിയേക്കുമെന്നും ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ നൽകിയ നിവേദനത്തിൽ പറയുന്നു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതുകൊണ്ട് ഒന്നര മണിക്കൂറോളം ബൂത്തിൽ നിന്നും മാറിനിൽക്കേണ്ടി വരും. മാത്രമല്ല പോളിങ് ഉദ്യോഗസ്ഥർക്ക് പള്ളിയിൽ പോകാനും സാധ്യമല്ല. ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഈ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.