താമരശ്ശേരി ചുരത്തിൽ കാട്ടുതീ; 3 ഹെക്ടറോളം അടിക്കാട് കത്തി നശിച്ചു
Mail This Article
താമരശ്ശേരി∙ ചുരത്തിൽ കാട്ടു തീ പടർന്ന് 3 ഹെക്ടറോളം അടിക്കാട് കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 ന് 1,2 വളവുകൾക്കിടയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് പടർന്ന തീ വനം വകുപ്പിന്റെ തേക്കുംതോട്ടത്തിലേക്കും വനത്തിലേക്കും വ്യാപിച്ചു. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഫയർ ബീറ്റ്, പച്ചില കൊമ്പുകൾ എന്നിവകൊണ്ട് അടിച്ചാണ് തീ കെടുത്തിയത്.മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂർ, ഫയർ ഓഫിസർമാരായ കെ.മുഹമ്മദ് ഷനീബ്, സനീഷ് പി.ചെറിയാൻ, കെ.ടി.സാലിഹ്, ജമാലുദ്ദീൻ, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
താമരശ്ശേരിയിൽ അഗ്നിരക്ഷാസേന യുണിറ്റ് ആരംഭിക്കണം
താമരശ്ശേരി∙ കോഴിക്കോട് വയനാട് ദേശീയ പാതയിലെ പ്രധാന പട്ടണവും വാണിജ്യ കേന്ദ്രവുമായ താമരശ്ശേരിയിൽ അഗ്നി രക്ഷാ സേന യുണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്നലെ താമരശ്ശേരി ടൗണിൽ നടന്ന തീപിടിത്തം മുക്കത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
അപ്പോഴേക്കും തീ പടർന്ന് ആകാശത്തോളം ഉയരത്തിൽ എത്തിയിരുന്നു. തീ അണച്ചു കഴിഞ്ഞപ്പോൾ കെട്ടിടത്തിൽ പ്രവർത്തിച്ച മൂന്ന് കടകളിലെയും സാധനങ്ങൾ മുഴുവൻ കത്തി സർവ നാശം സംഭവിച്ചിരുന്നു. ചുരത്തിൽ അത്യാഹിതമോ തീപിടിത്തമോ ഉണ്ടായാൽ കൽപറ്റയിൽ നിന്നോ, മുക്കത്ത് നിന്നോ അഗ്നി രക്ഷാ സേന എത്തണം.