ഓൺലൈൻ ട്രേഡിങ്ങിൽ വൻതുക ലാഭം വാഗ്ദാനം ചെയ്തു അരക്കോടിയുടെ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Mail This Article
കോഴിക്കോട് ∙ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ഓൺലൈൻ ട്രേഡിങ്ങിൽ വൻതുക ലാഭം വാഗ്ദാനം ചെയ്തു കോഴിക്കോട് സ്വദേശിയുടെ അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം കാളികാവ് സ്വദേശി മുജീബ് (41) അറസ്റ്റിൽ. സിറ്റി സൈബർ ക്രൈം പൊലീസാണു പിടികൂടിയത്.
ഓൺലൈൻ തട്ടിപ്പു സംഘങ്ങൾക്കു വിവിധ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇയാൾ ലഭ്യമാക്കിയതായും കണ്ടെത്തി. തട്ടിപ്പിലൂടെ ഈ അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം പിൻവലിക്കാൻ സംഘത്തിനു സഹായം ചെയ്തതും മുജീബാണെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ചന്ദ്രൻ നടത്തിയ അന്വേഷണത്തിലാണു മുജീബിന്റെ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞത്. റിമാൻഡ് ചെയ്തു.
അതിനിടെ, മറ്റൊരു കേസിൽ സമൂഹമാധ്യമത്തിലൂടെ തൊഴിലന്വേഷിച്ച കോഴിക്കോട് ചേവായൂർ സ്വദേശിയായ യുവാവിന് ഓൺലൈനായി ട്രേഡിങ് ലിങ്ക് അയച്ചു നൽകി 1,30,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ തട്ടിപ്പു സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ച വടകര തറോപ്പൊയിൽ പുതുവരിക്കോട് പി.കെ.മെഹ്റൂഫിനെ (23) മെഡിക്കൽ കോളജ് ഇൻസ്പെക്ടർ റിയാസ് ചാക്കേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പരാതിക്കാരൻ നിക്ഷേപിച്ച പണം ഡൽഹിയിലെ ബാങ്ക് അക്കൗണ്ടിലേക്കും പിന്നീട് വടകരയിലെ മെഹ്റൂഫിന്റെ അക്കൗണ്ടിലേക്കുമാണ് വന്നത്. ഇയാളുടെ പേരിൽ ഡൽഹിയിലെ തട്ടിപ്പു സംഘം എടുത്ത അക്കൗണ്ടിൽ 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നു എത്തിയിരുന്നു. ഇതിൽ നിന്ന് ഒരു ദിവസം 17, 56,000 രൂപ പിൻവലിച്ചിരുന്നു. 10 ലക്ഷം രൂപ അക്കൗണ്ടിൽ എത്തുമ്പോൾ 4,000 രൂപയായിരുന്നു കമ്മിഷൻ.
കഴിഞ്ഞ ദിവസം കരിക്കാംകുളം സ്വദേശിയായ യുവതിയുടെ 12 ലക്ഷം രൂപ സമാന രീതിയിൽ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ നഷ്ടപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 5 വിവിധ ബാങ്കുകളിലേക്കാണു പണം കൈമാറിയത്. ചേവായൂർ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. മെഹ്റൂഫിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ മെഡിക്കൽ കോളജ് എസ്ഐമാരായ പി.അജിത്കുമാർ, എസ്.സൈഫുള്ള, ബാബു മമ്പാട്ടിൽ, ആർ.നിധിൻ, സൈബർ പൊലീസ് എഎസ്ഐ പി.എസ്.ജിതേഷ് എന്നിവരും ഉണ്ടായിരുന്നു.
തട്ടിപ്പിന് ഇരയായാൽ പരാതി നൽകാം
ജില്ലയിൽ ട്രേഡിങ് മേഖലയിൽ കമ്മിഷൻ വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന സംഘങ്ങൾ വിദ്യാർഥികളെയും, സാധാരണക്കാരെയും ലക്ഷ്യമിട്ടു ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകുന്നതായി വ്യക്തമായിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിനു ഇരയായാൽ ഉടനെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി റജിസ്റ്റർ ചെയ്യണം. കൂടാതെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും റജിസ്റ്റർ ചെയ്യാം.