അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നത് പ്രതിപക്ഷ നേതാക്കളെ മാത്രം: മുഖ്യമന്ത്രി
Mail This Article
മുക്കം∙ ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ തലങ്ങും വിലങ്ങും ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.2014ൽ മോദി അധികാരത്തിൽ വന്നശേഷം കേന്ദ്ര അന്വേഷണ ഏജൻസികൾ എടുക്കുന്ന കേസുകളുടെ എണ്ണത്തിൽ 600% വർധനയുണ്ടായി. എൽഡിഎഫിന്റെ തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാജ്യത്തെ പൗരന്മാരുടെയും രാജ്യത്തു ജീവിക്കുന്നവരുടെയും ഒരു മൗലികാവകാശവും ഹനിക്കുന്ന നിയമങ്ങൾ കൊണ്ടുവരാൻ ഭരണഘടന അനുസരിച്ച് ആർക്കും കഴിയില്ല.
രാജ്യത്ത് പൗരത്വത്തിൽനിന്ന് മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കാനാണ് പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്. കേരളം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ കേന്ദ്രം നിഷേധ നിലപാടാണ് സ്വീകരിച്ചത്. ബിജെപിക്ക് കേരളത്തോടുള്ള വിരോധം മനസ്സിലാക്കാം. എന്നാൽ, കോൺഗ്രസിന്റെ നിലപാട് എൽഡിഎഫിന് അല്ല, ജനങ്ങൾക്കു നേരെയുള്ള എതിർപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് വി.കെ.വിനോദ് അധ്യക്ഷനായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ, ലിന്റോ ജോസഫ് എംഎൽഎ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.സന്തോഷ്കുമാർ എംപി, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ, വയനാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.വി.ബാലൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ആർജെഡി സംസ്ഥാന സെക്രട്ടറി വി.കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ‘നാം ഇന്ത്യക്കാർ’ നാടകവും അവതരിപ്പിച്ചു.