താമസിക്കാൻ ഇടമില്ലാതാകുന്നു; ജീവിതം വഴിമുട്ടി ഒരു കുടുംബം
Mail This Article
കോഴിക്കോട് ∙ ഭിന്നശേഷിക്കാരനായ ഭർത്താവിനെയും വൃക്കരോഗിയായ മകളെയും കൂട്ടി ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിനീത പകച്ചു നിൽക്കുന്നു. കക്കോടി ഉണിമുക്കിലെ വാടക വീട് ഒഴിയാൻ സമയമായി. നഗരത്തിലെ കടയിൽ ജോലി ചെയ്യുകയാണ് ചേളന്നൂർ സ്വദേശിനി വിനീത. ഇതിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് കുടുംബം കഴിയുന്നത്. പ്രതിമാസം 6,500 രൂപ വാടക നൽകണം. കുറച്ചു മാസമായി വാടക കുടിശികയായി. അഡ്വാൻസായി നൽകിയ 30,000 രൂപയിൽ നിന്ന് വാടക അവർ ഈടാക്കി. അതും തീർന്നു. മകളുടെ 2 കാലിനും ഉയരക്കുറവും വളവുമുണ്ട്. ശസ്ത്രക്രിയ ചെയ്തു കമ്പിയിട്ടിട്ടുണ്ട്.
ഇതിനു പുറമെയാണ് വൃക്കരോഗത്തിനുള്ള ചികിത്സ. നേരത്തെ ചേളന്നൂർ ഗുഡ്‌ലക് ലൈബ്രറിക്കു സമീപം കടമുറിയിലായിരുന്നു താമസം. 2018ലെ പ്രളയത്തിൽ വെള്ളം കയറി സാധനങ്ങളെല്ലാം നശിച്ചു. ഇതോടെ അര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഭിന്നശേഷിക്കാരനായ ഭർത്താവ് സുനിലിനു 2 തവണ ഹൃദയാഘാതമുണ്ടായി. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സുനിലിന്റെയും മകളുടെയും ചികിത്സയ്ക്കായി ബാങ്കിൽ നിന്ന് എടുത്ത വായ്പയും കടമായി വാങ്ങിയ പണവും നൽകാനുണ്ട്. 2 ദിവസം കൊണ്ട് വീടും ഒഴിയണം. ഇനി എന്തു ചെയ്യുമെന്നു ചോദിച്ച് പൊട്ടിക്കരയുകയാണ് വിനീതയും സുനിലും. ബന്ധപ്പെടേണ്ട നമ്പർ: +919995179106