ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തെ പിടിച്ചുകുലുക്കി ബോംബു രാഷ്ട്രീയം പൊട്ടിത്തെറിച്ച അവസരത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ എത്തുന്നത്. ബോംബു രാഷ്ട്രീയത്തെക്കുറിച്ചും വിദേശ സർവകലാശാലകളുടെ കാര്യത്തിൽ സിപിഎം പ്രകടനപത്രികയിലെ ഭിന്ന നിലപാടുകളെക്കുറിച്ചും അദ്ദേഹം ‘മലയാള മനോരമ’യോട് പ്രതികരിക്കുന്നു;

വീണ്ടും ബോബ് രാഷ്ട്രീയം ചർച്ചയാകുമ്പോൾ പ്രതിസ്ഥാനത്ത് ഡിവൈഎഫ്ഐ നേതാക്കൾ ആണല്ലോ?
ചില സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണു പാനൂരിലെ ബോംബാക്രമണമെന്നാണ് അന്വേഷിച്ചതിൽ നിന്നു വ്യക്തമായത്. ഡിവൈഎഫ്ഐ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരുടെ സംഘടനയല്ല. ഇപ്പോൾ ‍നടക്കുന്ന പ്രചാരണം തിരഞ്ഞെടുപ്പു ജയിക്കാൻ വേണ്ടി മാത്രമാണ്. ഇതു സംഭവിക്കാൻ പാടില്ലാത്താണ്. 

ഡിവൈഎഫ്ഐയുടെ ഉത്തരവാദപ്പെട്ടവർ ഇതിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. കഴിഞ്ഞ 7 വർഷത്തിനിടയിൽ ബോംബാക്രമണത്തിൽ ഡിവൈഎഫ്ഐക്കു നഷ്ടപ്പെട്ട സഖാക്കൾ ഏറെയാണ്. അവിടെയൊന്നും ഡിവൈഎഫ്ഐ പ്രതികാരനടപടി സ്വീകരിച്ചിട്ടില്ല. അതിനു കഴിയാഞ്ഞിട്ടല്ല. അക്രമത്തെ പ്രോത്സാഹിക്കുന്നത് വികസനത്തിനും സമാധാനത്തിനും എതിരാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞാണ് ഈ നിലപാടു സ്വീകരിക്കുന്നത്.

വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഡിവൈഎഫ്ഐ നിലപാടിനു വിരുദ്ധമല്ലേ ഈ തിരഞ്ഞെടുപ്പിലെ സിപിഎം പ്രകടനപത്രിക ?
വിദേശ സർവകലാശാലകളുടെ വരവിനെക്കുറിച്ചു ചർച്ചയേ പാടില്ലെന്ന നിലപാട് ഇല്ല. പുതിയ കാലത്തു വിദേശ സർവകലാശാലകളെ പൂർണമായും ഒഴിവാക്കാനാകില്ല. കൂടുതൽ വിദ്യാർഥികൾ പുറത്തേക്കു പോകുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ട്. അത്തരമൊരു കാലഘട്ടത്തിൽ മെച്ചപ്പെട്ട സർവകലാശാലകളുടെ സാന്നിധ്യം കേരളത്തിലുണ്ടാകണമെന്ന ചർച്ചയിൽ തെറ്റില്ല. ഇതുസംബന്ധിച്ച കരാർ മാനദണ്ഡങ്ങൾ സൂക്ഷ്മപരിശോധന നടത്തി ചർച്ച ചെയ്തു തീരുമാനിക്കണം.

ഈ തിരഞ്ഞെടുപ്പിലെ യുവജനങ്ങളുടെ ഇടപെടലിന്റെ പ്രാധാന്യം?
യുവജനങ്ങൾ ഊർജസ്വലമായി ഇടപെടേണ്ട തിരഞ്ഞെടുപ്പാണിത്. നിലനിൽപിന്റെ ഭാഗം കൂടിയായി ഈ പോരാട്ടത്തെ കാണണം. ഈ തിരഞ്ഞെടുപ്പിലും സംഘപരിവാർ അധികാരത്തിലെത്തിയാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഇന്ത്യയിലുണ്ടാകുമോ എന്നറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com