ഭരണഘടനയുടെ പ്രാധാന്യം ജനം തിരിച്ചറിയുന്നു: പിണറായി
Mail This Article
കോഴിക്കോട്∙ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുന്ന കാലത്താണ് തിരഞ്ഞെടുപ്പു നടക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കാക്കൂർ, കൊടുവള്ളി, ചെറുവണ്ണൂർ എന്നിവിടങ്ങളിലെ എൽഡിഎഫ് തിരഞ്ഞെടുപ്പു റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2 മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ തന്ത്രത്തിന്റെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കിയാണ് കേജ്‌രിവാളിനെ ജയിലിലടച്ചത്. ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപ്പിടിക്കുകയാണ്. ഇത് ഒരു തെളിവിന്റെയും അടിസ്ഥാനത്തിൽ അല്ല. ബിജെപിയുടെ അജൻഡയാണിത്.
കോൺഗ്രസ് ഇതര നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കോൺഗ്രസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പമാണ്. കേരളത്തിന്റെ അനുഭവത്തിലും കോൺഗ്രസിന്റെ പഴയ രീതിയിൽ മാറ്റം ഇല്ല. കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഉദാഹരണമാണ്. ഈ നിലപാട് ആരെ സഹായിക്കാൻ ആണെന്നു വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. കാക്കൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരുന്നു. കൊടുവള്ളിയിൽ പി.ടി.എ.റഹീം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ചെറുവണ്ണൂർ കുണ്ടായിത്തോട്ടിൽ മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷനായിരുന്നു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.എം.സച്ചിൻ ദേവ് എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു, മാമ്പറ്റ ശ്രീധരൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി.നാസർ, എ.പ്രദീപ്കുമാർ, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സാലിഹ് ശിഹാബ് തങ്ങൾ, എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം തുടങ്ങിയവർ പ്രസംഗിച്ചു.