ഒരേ വേദിയിൽ ഒന്നിച്ചിരുന്ന് എം.കെ.രാഘവനും എളമരം കരീമും എം.ടി.രമേശും; വാദങ്ങളിലും മത്സരവീര്യം
Mail This Article
കോഴിക്കോട്∙ മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷത്തെ വികസന നേട്ടങ്ങളിൽ ലീഡ് ചെയ്ത് എം.കെ.രാഘവൻ, അളന്നുമുറിച്ച രാഷ്ട്രീയത്തിലും കണിശതയാർന്ന ആദർശത്തിലും ലീഡ് ചെയ്ത് എളമരം കരീം, ഇതുവരെ ഒന്നും ചെയ്യാത്ത 2 മുന്നണികളെ മാറ്റിനിർത്തണമെന്നു പറഞ്ഞ് കണക്കിനു കളിയാക്കി എം.ടി.രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതിന്റെ തിരക്കുകൾക്കിടെയാണ് കോഴിക്കോട് മണ്ഡലത്തിലെ 3 സ്ഥാനാർഥികളും ഒന്നിച്ചിരുന്ന് തങ്ങളുടെ വാദങ്ങൾ നിരത്തിയത്. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ‘ഇലക്‌ഷൻ എക്സ്ചേഞ്ച്– കണക്ടിങ് വിത്ത് ലീഡേഴ്സ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 3 സ്ഥാനാർഥികളും.
∙ എം.കെ.രാഘവൻ:
‘‘15 വർഷം കോഴിക്കോട്ട് കൊണ്ടുവന്ന വികസനങ്ങൾ ജനങ്ങൾക്ക് അറിയാം. ഇംഹാൻസ്, മെഡിക്കൽ കോളജ് ആശുപത്രിയിൽ പിഎംഎസ്എസ്‌വൈ കെട്ടിടം, റെയിൽവേ സ്റ്റേഷൻ വികസനം. രാജ്യത്ത് എല്ലാ സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നു. ബിജെപിയെ താഴെയിറക്കാനാണ് മത്സരം. 50 സീറ്റിൽ താഴെ മാത്രം മത്സരിക്കുന്ന ഇടതുപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.’’
∙ എളമരം കരീം:
‘‘കഴിഞ്ഞ 15 വർഷവും കോഴിക്കോട്ട് ഒരു വികസനവും നടപ്പായിട്ടില്ല. ഇംഹാൻസ് അടക്കമുള്ളവ അന്നത്തെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ഇടപെടലിലൂടെയാണ് കൊണ്ടുവന്നത്. ബിജെപിക്ക് ഒരു മതനിരപേക്ഷ ബദൽ ഉണ്ടാകണമെങ്കിൽ ഇടതു സ്ഥാനാർഥികൾ ജയിക്കണം. പൗരത്വനിയമ സമരത്തിൽ കോൺഗ്രസിന് ഒരു നിലപാടുമില്ല. കോഴിക്കോട്ടെ എംപി ഒരക്ഷരം ലോക്സഭയിൽ മിണ്ടിയിട്ടില്ല. കോഴിക്കോട്ടു നടപ്പാക്കിയ വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് എംപിയെ വെല്ലുവിളിക്കുന്നു.’’
∙ എം.ടി.രമേശ്:
‘‘ കോഴിക്കോട്ട് എയിംസ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത് മോദിയാണ്. എയിംസ് വരുമ്പോൾ അതിനു നേതൃത്വം കൊടുക്കാൻ ജനങ്ങൾ എന്നെ ജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭാ എംപിയും രാജ്യസഭാ എംപിയും ഒന്നും ചെയ്തിട്ടില്ലെന്ന് സംവാദത്തിൽ വ്യക്തമാണ്. കോഴിക്കോടിന്റെ രോഗം വഷളായത് ഡോക്ടർ മരുന്നു നൽകിയിട്ടാണോ അതോ നഴ്സ് കുത്തിവയ്പ് നൽകിയിട്ടാണോ എന്നറിയില്ല. രണ്ടു പേരെയും മാറ്റിനിർത്തി എനിക്ക് അവസരം നൽകണമെന്നാണ് പറയാനുള്ളത്. കോഴിക്കോട്ടെ എല്ലാ വികസനവും കേന്ദ്രസർക്കാർ നടപ്പാക്കിയതാണ്.’’
∙ എം.കെ.രാഘവൻ:
‘‘പൗരത്വ നിയമത്തിനെതിരെ ബിൽ കൊണ്ടുവന്നപ്പോൾ കോൺഗ്രസിന്റെ എംപിമാർ സഭയിൽ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ച് ഒറ്റക്കെട്ടായി എതിർത്തതാണ്. ഞാൻ ലോക്സഭയിൽ നടത്തിയ പ്രസംഗങ്ങളും അവതരിപ്പിച്ച ബില്ലുകളും ലോക്സഭയുടെ വെബ്സൈറ്റിൽ ആർക്കും കാണാം. കഴിഞ്ഞ 5 വർഷത്തിനിടെ മാത്രം 51 സംവാദവും 279 ചോദ്യങ്ങളും 11 ബില്ലുകളുമാണ് ഞാൻ കൊണ്ടുവന്നത്. ഇംഹാൻസ് എങ്ങനെയാണ് ഇടതുപക്ഷത്തിന് അവകാശപ്പെടാനാവുക? എന്റെ കെടുകാര്യസ്ഥത മൂലം ഇംഹാൻസ് കോഴിക്കോടിനു നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് എൽഡിഎഫ് അക്കാലത്ത് കിഡ്സൺ കോർണറിൽ സമരം നടത്തിയതാണ്.
ആ സമരം കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അന്നത്തെ യുപിഎ സർക്കാരിലെ മന്ത്രി ഗുലാംനബി ആസാദ് ഇംഹാൻസ് കോഴിക്കോട്ട് സ്ഥാപിക്കാനുള്ള ഉത്തരവിൽ ഒപ്പിട്ടത്. കോംട്രസ്റ്റ്, കുന്നത്തറ ടെക്സ്റ്റൈൽസ് എന്നിവയൊക്കെ അടച്ചുപൂട്ടിയത് മറക്കരുത്.ഞാൻ നടപ്പാക്കിയ വികസനം എന്തൊക്കെയാണെന്ന് സംശയമുള്ളവർക്ക് എന്റെ കൂടെ വന്നാൽ എണ്ണിയെണ്ണി കാണിച്ചുതരാം. തുറന്ന സംവാദത്തിന് ഞാൻ തയാറാണ്.’’
∙ എളമരം കരീം:
‘‘ കോംട്രസ്റ്റ് രാഷ്ട്രപതി ബിൽ ഒപ്പിട്ടെങ്കിലും ഹൈക്കോടതിയിൽ കേസു നടക്കുകയാണ്. അതുകൊണ്ടാണ് ഏറ്റെടുക്കൽ വൈകുന്നത്. കുന്നത്തറ പൊതുമേഖലാ സംരംഭമല്ല. ഞാൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൽ ജോയിന്റ് വെഞ്ച്വർ കൊണ്ടുവന്നത്. തുടർന്നുവന്ന സർക്കാരാണ് അത് ഉപേക്ഷിച്ചത്.’’
∙ എം.ടി.രമേശ്:
‘‘കോംട്രസ്റ്റ് ഏറ്റെടുക്കാൻ രാഷ്ട്രപതി ഒപ്പിട്ട ബില്ലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്, അനധികൃതമായി സ്ഥലം കൈക്കലാക്കിയവരാണ്. കേസിലെ എതിർകക്ഷി സംസ്ഥാന സർക്കാരാണ്. കോടതി സ്റ്റേ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാത്തത്?
’’സംവാദത്തിനു ചൂടുപിടിച്ചെങ്കിലും സ്ഥാനാർഥികൾക്ക് തിരക്കുണ്ട്. 3 പേരും എഴുന്നേറ്റു. എം.ടി.രമേശ് കൈനീട്ടിയപ്പോൾ എം.കെ.രാഘവൻ ചിരിച്ചുകൊണ്ട് കൈ കൊടുത്തു. പക്ഷേ, വലതുകൈ മുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി, ഇതാണ് ഞങ്ങളുടെ അഭിവാദന ശൈലിയെന്ന് എളമരം കരീം ചിരിച്ചുകൊണ്ട് പറഞ്ഞു. രണ്ടുപേരിൽ ഒരാൾ കൈതന്നാൽ മതി, രണ്ടുപേരും ഒരേ മുന്നണിക്കാരാണെന്ന് എം.ടി.രമേശ് പറഞ്ഞതോടെ വേദിയിൽ കൂട്ടച്ചിരിയായി.
ഭൂരിപക്ഷത്തിൽ തർക്കമില്ല അടിയൊഴുക്കുണ്ടെന്ന് എൽഡിഎഫ്; അതവരുടെ സ്വപ്നം മാത്രമെന്ന് യുഡിഎഫ്
എൻ.വി.കൃഷ്ണദാസ്
നാളെ പ്രചാരണം തീരുന്ന, പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങിയ മണ്ഡലത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നു പറഞ്ഞറിയിക്കണം, കത്തുന്ന വെയിലിലും തിരഞ്ഞെടുപ്പ് ചൂട് അത്രയില്ല കോഴിക്കോട്ട്. തുടർച്ചയായ 3 തവണ യുഡിഎഫ് നിലനിർത്തിപ്പോരുന്ന ലോക്സഭാ മണ്ഡലം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 7 നിയോജക മണ്ഡലങ്ങളിൽ ആറിലും ഇടതുമുന്നണി ജയിച്ച സാഹചര്യം.
എന്നിട്ടും ഇരുകൂട്ടരുടെയും ഭാഗത്ത് അതിന്റെ വീറും വാശിയുമൊന്നും അത്ര പ്രകടമല്ല. സ്ഥാനാർഥികളുടെ പര്യടനത്തിൽ ആൾക്കൂട്ടത്തെ കാണാമെന്നല്ലാതെ അതിനപ്പുറത്തേക്ക് ഒരത്യധ്വാനത്തിനു തയാറല്ലെന്നൊരു തണുപ്പൻ മട്ടാണ് മണ്ഡലത്തിലാകെ. കടന്നുപോയ നിയോജക മണ്ഡലങ്ങളിലെല്ലാം ഒന്നോ രണ്ടോ പ്രചാരണ വാഹനങ്ങളിൽ കൂടുതൽ കാണാനായതുമില്ല.
ഈ ശാന്തതയ്ക്ക് അപ്പുറമൊരു അടിയൊഴുക്ക് കോഴിക്കോട്ട് ഉണ്ടെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. കുന്നമംഗലം മണ്ഡലത്തിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പൂവാട്ടുപറമ്പിലെ ഓഫിസിൽ ഇരുന്ന് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി എൻ.ഷിഹാബ് അതു വ്യക്തമാക്കുന്നു: ‘സമുദായ സംഘടനകൾക്ക് ഇത്തവണ കൃത്യമായ നിലപാടുണ്ട്. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അവർക്കറിയാം.
അത് എളമരം കരീമിന്റെ വിജയസാധ്യത വർധിപ്പിക്കുന്നു. സമുദായ സംഘടനകൾക്ക് കരീമുമായി അടുത്ത ബന്ധം പുലർത്താനാകുന്നുണ്ടെന്നതും രാജ്യസഭയിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ടായി മാറും.’ വിജയിച്ചാൽ എം.കെ.രാഘവൻ ബിജെപിയിൽ പോകുമെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ ഇടതുമുന്നണിക്ക് ആയിരിക്കുമെന്നും മറ്റും അവരുടെ പ്രചാരണതന്ത്രങ്ങൾ മാത്രമാണെന്ന് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.മൂസ മൗലവി അഭിപ്രായപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് രാജ്യത്തെ നയിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ചിന്തയിലാണ് ന്യൂനപക്ഷ വിഭാഗം യുഡിഎഫിനൊപ്പം നിലകൊള്ളുന്നത്. പക്ഷം ഏതിനും പ്രതീക്ഷ നൽകുന്ന ഒരു ക്രമീകരണം ഇതിനിടെ ശ്രദ്ധേയമായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്നതു വെള്ളിയാഴ്ച ആയതിനാൽ ജുമുഅ നമസ്കാരത്തിനും വോട്ട് രേഖപ്പെടുത്തലിനും തടസ്സം വരാത്ത രീതിയിൽ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള സമയക്രമീകരണമാണത്.
ഒരു പള്ളിയിൽ ജുമുഅ സാധ്യമാകാതെ പോയാൽ അടുത്ത പള്ളിയിൽ ഉറപ്പാക്കുന്ന രീതിയിലാണ് ഈ ക്രമീകരണം. 85,225 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ൽ എം.കെ.രാഘവൻ ജയിച്ചതെങ്കിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും കൂടി ഇടതുമുന്നണിക്ക് 1,16,940 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ വോട്ട് മാത്രം കിട്ടിയാൽ കരീം ജയിക്കും.
അതു ചോരാതെ നോക്കുന്ന സംഘടനാ പ്രവർത്തനമാണ് ഇടതുമുന്നണി ഇതുവരെ നടത്തിയതെന്നും 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കരീം വിജയിക്കുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് വ്യക്തമാക്കി. എന്നാൽ, വ്യാജപ്രചാരണത്തിലൂടെ വോട്ട് കിട്ടുമെന്നത് ഇടതുമുന്നണിയുടെ സ്വപ്നം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ തിരിച്ചടിക്കുന്നു.
കോഴിക്കോടിന്റെ വികസനം കഴിഞ്ഞ 3 തവണത്തെ വിജയത്തിലൂടെ രാഘവൻ യാഥാർഥ്യമാക്കിയതാണ്. ഭൂരിപക്ഷം ഓരോ തവണയും കൂട്ടിയ അദ്ദേഹം നാലാം തവണ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിക്കാൻ പോകുന്നത്. അതിനെ നേരിടാനാണ് പ്രചാരണം നാലാം ഘട്ടത്തിലേക്കു കടക്കുന്ന അവസരത്തിലും ഇടതുമുന്നണി തെറ്റായ സംഗതികൾ പ്രചരിപ്പിക്കുന്നത് –ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നതോടെ വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നു വോട്ടർമാരെ പരിചയപ്പെടുത്തുന്ന മാതൃകാ ബാലറ്റ് യൂണിറ്റുകൾ ബൂത്ത് തലത്തിലേക്ക് വിതരണത്തിന് എത്തിക്കുന്ന തിരക്കിലാണ് എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റികൾ. എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ഇനി ഓരോ നിയോജകമണ്ഡലത്തിലും പ്രധാന വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കും.
പ്രചാരണം തീരാൻ ഇനി 2 നാൾ മാത്രം. ഇന്നും നാളെയും അതിന്റെ പ്രകമ്പനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മണ്ഡലം. അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണിയും നാലാം വിജയത്തിൽ ഉറച്ച പ്രതീക്ഷയുമായി യുഡിഎഫും മുന്നേറുമ്പോൾ നില മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി എൻഡിഎയും കോഴിക്കോട് മണ്ഡലത്തിൽ നിലയുറപ്പിച്ചിരിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ സമാപനം നാളെ കലാശക്കൊട്ട് ഒഴിവാക്കി
നാദാപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിനമായ നാളെ കലാശക്കൊട്ടും കേന്ദ്രീകൃത പ്രകടനവും ഒഴിവാക്കാൻ നാദാപുരം, വളയം പൊലീസ് ഇൻസ്പെക്ടർമാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. നാദാപുരം, കല്ലാച്ചി, ചേലക്കാട്, അരൂർ, തണ്ണീർപ്പന്തൽ, പുറമേരി, തൂണേരി, ഇരിങ്ങണ്ണൂർ തുടങ്ങിയ ടൗണുകൾ കേന്ദ്രീകരിച്ചു പ്രകടനങ്ങളോ വാഹന റാലികളോ നടത്താൻ പാടില്ല.
ബൈക്കുകളിലും മറ്റും നിയമം ലംഘിച്ചു കൊണ്ടു കൊടികളോ മറ്റോ ഉയർത്തിയുള്ള പ്രചാരണവും പാടില്ല. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്തു നടപടി സ്വീകരിക്കും. ലോറികളിലും മറ്റു വാഹനങ്ങളിലും ആളുകളെ കയറ്റി ജാഥകൾ സംഘടിപ്പിക്കരുത്. ഈ വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കും. അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് ഘടിപ്പിച്ചു പ്രചാരണം നടത്തിയാലും വാഹനങ്ങൾ പിടിച്ചെടുത്തു നടപടി സ്വീകരിക്കും.
വളയം പൊലീസ് പരിധിയിൽപ്പെട്ട വളയം, ചെക്യാട്, വാണിമേൽ പഞ്ചായത്തുകളിൽ കലാശക്കൊട്ട് പൂർണമായും ഒഴിവാക്കും. റാലി, ഡിജെ പ്രചാരണം തുടങ്ങിയ പരിപാടികൾ നാളെ പാടില്ല. സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. വളയം ഇൻസ്പെക്ടർ കെ.എസ്.അജേഷിന്റെയും നാദാപുരത്ത് ഇൻസ്പെക്ടർ എ.വി.ദിനേശിന്റെയും അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗങ്ങളാണ് ഈ തീരുമാനങ്ങളെടുത്തത്. സർവ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.
കുറ്റ്യാടി ∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കലാശക്കൊട്ട് തൊട്ടിൽപാലം സ്റ്റേഷൻ പരിധിയിൽ പൂർണമായും ഒഴിവാക്കുന്നതിന് പൊലീസിന്റെയും വിവിധ മുന്നണി നേതാക്കളുടെയും യോഗം തീരുമാനിച്ചു. ഒരു കേന്ദ്രത്തിൽ ഒരേ സമയം ഒരു മുന്നണിയുടെ ഒരു പ്രചാരണ വാഹനം മാത്രമേ അനുവദിക്കൂ.
അനുമതിയില്ലാതെ വാഹനങ്ങളിൽ കൊടി തോരണങ്ങളുമായി പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ബൂത്തിനു 100 മീറ്റർ ചുറ്റളവിലുള്ള പ്രചാരണ സാമഗ്രികൾ രാഷ്ട്രീയ പാർട്ടികൾ നേരത്തെ തന്നെ സ്വമേധയാ തന്നെ നീക്കം ചെയ്യാനും തീരുമാനിച്ചു. പൊലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു അധ്യക്ഷത വഹിച്ചു.
കലാശക്കൊട്ട് വൈകിട്ട് 4 വരെ
ബാലുശ്ശേരി ∙ സ്റ്റേഷൻ പരിധിയിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 24ന് വൈകിട്ട് 4ന് അവസാനിപ്പിക്കാൻ പൊലീസ് വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. പ്രധാന അങ്ങാടികളിൽ കലാശക്കൊട്ട് വൈകിട്ട് 3.30 മുതൽ 4 വരെയായി നിജപ്പെടുത്തി. ഇൻസ്പക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി നേതാക്കൾ പങ്കെടുത്തു.
യുഡിഎഫ് റോഡ് ഷോ
കൂരാച്ചുണ്ട് ∙ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി എം.കെ.രാഘവൻ കൂരാച്ചുണ്ടിൽ റോഡ്ഷോ നടത്തി. സ്ഥാനാർഥിയെ ബൈക്ക് റാലിയോടെ യുഡിവൈഎഫ് പ്രവർത്തകർ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കെ.രാമചന്ദ്രൻ, കെ.ബാലകൃഷ്ണ കിടാവ്, ഒ.കെ.അമ്മദ്. കെ.അഹമ്മദ്കോയ, വി.എസ്.ഹമീദ്, അഗസ്റ്റിൻ കാരക്കട, ജോസ്ബിൻ കുര്യാക്കോസ്, സുബിൻ കൊച്ചുവീട്ടിൽ, ഷാഫി നെയ്തല, ഒ.കെ.നവാസ് എന്നിവർ നേതൃത്വം നൽകി.
എളമരം കരീം പര്യടനം നടത്തി
ബാലുശ്ശേരി ∙ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം വിവിധ മേഖലകളിൽ പര്യടനം നടത്തി. എൽഡിഎഫിന്റെ ഉണ്ണികുളം മേഖലാ റാലിയും പൊതു സമ്മേളനവും വള്ളിയോത്ത് നടന്നു. ടി.രുക്മിണി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാദിഖ് തങ്ങൾ, പി.കെ.അജീഷ്, ടി.കെ.ആരിഫ്, ടി.കെ.സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു.
എൻഡിഎയുടെ പ്രചാരണം
ബാലുശ്ശേരി ∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹിളകളുടെ നേതൃത്വത്തിൽ സമ്പർക്ക പരിപാടി നടത്തി. ബിജെപി ജില്ലാ സെക്രട്ടറി ഷൈനി ജോഷി ഉദ്ഘാടനം ചെയ്തു. ഷീബ രാജൻ, ബീന കാട്ടുപറമ്പത്ത്, മൃദുല കാപ്പിക്കുന്ന്, ഷീബ പ്രശാന്ത്, വിമല കുമാരി എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് ∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശിനു കൂരാച്ചുണ്ട്, കല്ലാനോട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കൂരാച്ചുണ്ടിലെ ചടങ്ങിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം ഷിബു ജോർജ് അധ്യക്ഷത വഹിച്ചു. കെ.ഭാസ്കരൻ, കെ.ദേവദാസ്, ശോഭ രാജൻ, രാജേഷ് കായണ്ണ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയൻ കെ.ജോസ് എന്നിവർ പ്രസംഗിച്ചു. കല്ലാനോട് ടൗണിലെ സ്വീകരണത്തിനു ഗോപി ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. രാജേഷ് പുത്തഞ്ചേരി, ബാബു വടക്കയിൽ, ജയൻ കെ.ജോസ്, ബബീഷ് ഉണ്ണികുളം എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര∙ വടകര ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. കാലത്ത് മുതുകാട് അങ്ങാടിയിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ഊരള്ളൂരിൽ സമാപിച്ചു. എം.പി.രാജൻ, എം.പ്രകാശൻ, കെ.കെ.രജീഷ്, തറമ്മൽ രാഗേഷ്. നാഗത്ത് നാരായണൻ, ഇ.മനീഷ്, വി.സത്യൻ, സന്തോഷ് കാളിയത്ത്, കെ.ടി.ഹരീഷ്. ബാബു പുതുപ്പറമ്പിൽ. എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
പസിൽ കാർഡുമായി യുഡിഎഫ്
കീഴരിയൂർ∙ പ്രചാരണത്തിന്റെ ഭാഗമായി ജിക്സോ പസിലുമായി യുഡിഎഫ്. ഷാഫി പറമ്പിലിന്റെ ഫോട്ടോയും ചിഹ്നവും ചേർത്തുള്ള ഗെയിം കാർഡുകളുമായാണ് യുഡിഎഫ് പ്രവർത്തകർ വീടുകൾ സന്ദർശിക്കുന്നത്. കുട്ടികളെ ഉദ്ദേശിച്ചാണ് ഗെയിം കാർഡ്.
കുടുംബ സംഗമം
മേപ്പയൂർ∙ യുവാക്കൾക്കും സ്ത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കുമെന്ന കോൺഗ്രസ് പ്രകടനപത്രിക രാജ്യത്തിന് പ്രത്യേകിച്ച് കേരളത്തിന് വലിയ ഗുണകരമായി മാറുമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ. യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.ശ്രീധരൻ അധ്യക്ഷനായിരുന്നു. കെ.പി.രാമചന്ദ്രൻ, ഇ.കെ.മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, സുധാകരൻ പറമ്പാട്ട്, പി.കെ.അനീഷ്, കെ.പി.വേണുഗോപാൽ, മൊയ്തി മിലൻ, വി.പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.
കീഴരിയൂർ∙ യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങളുമായി എൽഡിഎഫ് സ്ഥാനാർഥി വരുന്നത് പരാജയഭീതി കൊണ്ടാണെന്ന് എഐസിസി അംഗം ഹരിപ്രിയ പറഞ്ഞു. കീഴരിയൂർ നടുവത്തൂരിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുഡിഎഫ് ജനറൽ കൺവീനർ ദീപക് കൈപ്പാട്ട് അധ്യക്ഷത വഹിച്ചു. ടി.യു.സൈനുദ്ദീൻ, ഇടത്തിൽ ശിവൻ, കെ.റസാഖ്, ഗിരിജ മനത്താനത്ത്, കെ.കെ.ദാസൻ, ഇ.എം.മനോജ്, കെ.വി.രജിത, കെ.ജലജ, സുലോചന സിറ്റാഡിൽ, എൻ.എം.സവിത, നെല്ല്യാടി ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ജുമുഅ സമയം ക്രമീകരിച്ചു
കാപ്പാട്∙ ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ജുമാ നമസ്കാരവും അനുബന്ധകർമങ്ങളും നഷ്ടപ്പെടാതിരിക്കാൻ മഹല്ലുകളിലെ ജുമുഅ മസ്ജിദുകളിൽ സമയം ക്രമീകരിച്ചു. പരമാവധി ആളുകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിനു ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി വിളിച്ചു ചേർത്ത മഹല്ല് ഭാരവാഹികളുടെയും മുസ്‍ലിം സംഘടനകളുടെയും യോഗം തീരുമാനിച്ചു. വാർഡ് അംഗം വി.ഷരീഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.പി.പി തങ്ങൾ അധ്യക്ഷത വഹിച്ചു. കൺവീനർ എം.പി മൊയ്‌തീൻ കോയ എന്നിവർ പ്രസംഗിച്ചു.
തോൽവി മുന്നിൽ കണ്ട് സിപിഎം വ്യാജ പ്രചാരണം: കെ.കെ. രമ
വടകര ∙ ബോംബ്, കൊലപാതക രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായപ്പോൾ തോൽവി മുന്നിൽ കണ്ടാണു സിപിഎം യുഡിഎഫിനു മേൽ വ്യാജ പ്രചാരണങ്ങളുടെ കഥ മെനയുന്നതെന്ന് കെ.കെ.രമ എംഎൽഎ. മുക്കടത്തും വയലിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തയ്യിൽ ആസ്യ ആധ്യക്ഷ്യം വഹിച്ചു. ആയിഷ ബാനു, ചന്ദ്രൻ മൂഴിക്കൽ, എൻ.അബ്ദുൽ ഹമീദ്, പി.എം.ലതിക, സി.എം.അഹമ്മദ്, കണ്ണോത്ത് ദാമോദരൻ, ടി.കെ.മൊയ്തു, പിലാത്തോട്ടത്തിൽ അബ്ദുൽ കരിം ഹാജി, ലത്തീഫ് ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി ∙ യുഡിഎഫ് കുളങ്ങരത്ത് മേഖലാ കുടുംബ സംഗമം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ പി.അമ്മദ്, പി.സി.ഷീബ, പി.ഷറഫുന്നിസ, സി.വി.അഷറഫ്, കെ.കെ.രവീന്ദ്രൻ, എ.വി.നാസറുദ്ദീൻ, നസീറ ബഷീർ, ചാലിൽ സൂപ്പി ഹാജി, ബീന കുളങ്ങരത്ത്, കെ.സി.കുമാരൻ പ്രസംഗിച്ചു. മൊകേരിയിൽ പൊതുയോഗത്തിൽ ജമാൽ മൊകേരി അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ചന്ദ്രൻ, കെ.കെ.അബ്ദുല്ല, വി.പി.മൊയ്തു, പി.കെ.ഷമീർ, കെ.പി.ബാബു, എ.കെ.നസീർ, കെ.ടി.അശോകൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാക്കൾ ചാരപ്പണി ചെയ്യുന്നു: പി.എ.മുഹമ്മദ് റിയാസ്
നാദാപുരം ∙ കോൺഗ്രസിലെ നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എൽഡിഎഫ് തൂണേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 2004 ആവർത്തിക്കുമെന്നു മന്ത്രി പറഞ്ഞു. പി.എം.നാണു അധ്യക്ഷത വഹിച്ചു. ഒ.രാജൻ, ഇ.കെ.വിജയൻ എംഎൽഎ, പി.പി.ചാത്തു, ശ്രീജിത്ത് മുടപ്പിലായി, സുബൈർ ഹാജി, കനവത്ത് രവി, നെല്ലിയേരി ബാലൻ, സി.കെ.അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
ഷാഫി പറമ്പിലിന് വോട്ട് അഭ്യർഥിച്ച് കലാജാഥ പര്യടനം
വടകര ∙ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വോട്ട് അഭ്യർഥിച്ച് പ്രിയദർശിനി സാംസ്കാരിക വേദിയുടെ കലാജാഥ പര്യടനം തുടങ്ങി. ലോക്സഭ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും ഒരാഴ്ച പര്യടനം നടത്തിയ ശേഷം തലശ്ശേരിയിൽ സമാപിക്കും. കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി ആശയവും ആവിഷ്കാരവും നിർവഹിച്ച ‘മനുഷ്യനാകണം’ എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ നാടകത്തിന്റെ ഏകോപനം നിർവഹിച്ചത് പി.എൻ.അനിൽകുമാറാണ്. നാദാപുരം റോഡിൽ നൽകിയ സ്വീകരണത്തിൽ ജാഥ ലീഡർ സുനിൽ മടപ്പള്ളി പ്രസംഗിച്ചു.
ഷാഫി പറമ്പിലിനെ ജനങ്ങൾ ഏറ്റെടുത്തു: സാദിഖലി തങ്ങൾ
നാദാപുരം ∙ പാതിരാവിൽ പോലും സ്ത്രീകളും കുട്ടികളും കാത്തിരുന്നു പിന്തുണ അറിയിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ വടകര നിയോജക മണ്ഡലം ഏറ്റെടുത്തു കഴിഞ്ഞെന്നും കുപ്രചാരണം കൊണ്ടോ വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചോ ഈ മുന്നേറ്റത്തെ തടയാൻ കഴിയില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
പുറമേരിയിൽ യുഡിഎഫ് പൊതുസമ്മേളനത്തിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കെ.ടി.അബ്ദുറഹ്മാൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.അജിത്ത്, ഷംസു മഠത്തിൽ, തൊടുവയിൽ കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
വടകരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന രേഖയുമായി എൽഡിഎഫ്
വടകര∙ വടകര പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി എൽഡിഎഫ് വികസന രേഖ പുറത്തിറക്കി. കൃഷി മേഖലയ്ക്കുള്ള പദ്ധതി, ജലഗതാഗതം, ഗതാഗത സൗകര്യങ്ങളുടെയും ടൗൺഷിപ്പുകളുടെയും വികസനം, തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ, മത്സ്യ മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ മേഖലകളിൽ വികസനം മുന്നോട്ടു വയ്ക്കുന്നു. പ്രവാസികളുടെ സഹകരണത്തോടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം, നാളികേര കർഷകരുടെ പുരോഗതിക്കായി കേരോദ്യാനം എന്നീ പദ്ധതികളും ടൂറിസം മേഖലയെ ഉൾപ്പെടുത്തി സാംസ്കാരിക ഇടനാഴിയും വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ പുറന്തള്ളാനും മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുമുള്ള ഈ പോരാട്ടത്തിൽ നിർണായകമായ പങ്കാണു നിർവഹിക്കാനുള്ളതെന്ന് ആമുഖത്തിൽ പറയുന്നു. പ്രകാശന ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ, വത്സൻ പനോളി, എം.കെ.ഭാസ്കരൻ, ടി.കെ.രാജൻ, സി.ഭാസ്കരൻ, സി.കെ.നാണു, കെ.ടി.കുഞ്ഞിക്കണ്ണൻ, ഒ.രാജൻ, വി.ഗോപാലൻ, ടി.എൻ.കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വാണിമേൽ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം നടത്തി
വാണിമേൽ ∙ ഫാഷിസത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ അഭ്യർഥിച്ചു. കേരളത്തിലെ ഇടതു ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തു കൂടിയായിരിക്കും തിരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.
വാണിമേൽ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മുസ്‍ലിം ലീഗ് സംസ്ഥാന സമിതി അംഗം സി.വി.എം.വാണിമേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല അധ്യക്ഷത വഹിച്ചു. സി.കെ.നാസർ, മുഹമ്മദ് വാണിമേൽ, എൻ.കെ.മുത്തലിബ്, സുബൈർ തോട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ബൂത്തു തല പ്രചാരണം ശക്തമാക്കി മുന്നണികൾ
നാദാപുരം ∙ നേതാക്കളുടെയും സ്ഥാനാർഥികളുടെയും പര്യടനങ്ങൾ പുരോഗമിക്കുമ്പോൾ ബൂത്തു തല പ്രവർത്തനങ്ങളിലേക്കു മുന്നണികൾ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. യുഡിഎഫ് ബൂത്തു തലങ്ങളിൽ കുടുംബ സംഗമങ്ങൾക്കാണു ശ്രദ്ധ നൽകുന്നത്. എൽഡിഎഫ് മേഖലാ തല റാലിക്ക് ഊന്നൽ നൽകുന്നു. എൻഡിഎ സ്ഥാനാർഥി പര്യടനവുമായാണു പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. പ്രവാസി വോട്ടർമാർ നാട്ടിലെത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട്. പ്രചാരണ രംഗം അവസാന ഘട്ടത്തിലെത്തി നിൽക്കേ കൂറ്റൻ ദീപാലങ്കൃത ബോർഡുകൾ പലയിടങ്ങളിലും ഉയർന്നു കഴിഞ്ഞു.
തെരുവു നാടകവും സംഗീത ശിൽപവുമൊക്കെയായി പുകസ എൽഡിഎഫിനായി രംഗത്തിറങ്ങിയപ്പോൾ സ്വതന്ത്ര കർഷക സംഘത്തിന്റെ പാട്ടു വണ്ടി ഇന്നു നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. പാറക്കടവിൽ യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. സമാപനം നാദാപുരത്താണ്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടിങ്ങിനു തുടക്കമായി
വടകര ∙ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ടർക്കുള്ള വോട്ടെടുപ്പ് വടകര ആർഡിഒ ഓഫിസിൽ തുടങ്ങി. ആദ്യ 2 ദിവസം പൊലീസ്, അഗ്നിരക്ഷാ സേന, നഴ്സിങ് തുടങ്ങിയ മേഖലയിലുള്ളവർക്കാണ്. ബാക്കി 3 ദിവസം മറ്റു ജീവനക്കാർക്കും അധ്യാപകർക്കും. മൊത്തം 5 ദിവസം കൊണ്ട് വോട്ടെടുപ്പ് പൂർത്തിയാക്കും. ആദ്യ ദിവസം 120 പേർ വോട്ട് രേഖപ്പെടുത്തി. മൊത്തം 600 പേർ വോട്ട് രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷ. ആർഡിഒ ഓഫിസിനു പിറകിൽ പൊതുമരാമത്ത് ഗെസ്റ്റ് ഹൗസിൽ പ്രത്യേകം സജ്ജമാക്കി ഒരു ബൂത്തിലാണ് വോട്ടെടുപ്പ്.
എൽഡിഎഫ് മേഖലാ റാലികൾ
മടപ്പള്ളി ∙ എൽഡിഎഫ് ഉരാളുങ്കൽ മേഖലാ റാലി പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ബൈജു രാഘവൻ ആധ്യക്ഷ്യം വഹിച്ചു. ടി.പി.ബിനീഷ്, എടയത്ത് ശ്രീധരൻ, യു.എം. സുരേന്ദ്രൻ, കെ.പ്രകാശൻ, റഹിം കുറുങ്കൽ, സി.പി.സോമൻ എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് പാലയാട് മേഖല റാലി ആർജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ടി.രാജൻ ആധ്യക്ഷ്യം വഹിച്ചു. കെ.കെ.ദിനേശൻ, റീന സുരേഷ്, കെ.വി.സത്യൻ, വി.പി.ബാലൻ എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി ∙ എൽഡിഎഫ് മരുതോങ്കര മേഖല തിരഞ്ഞെടുപ്പ് റാലി മുള്ളൻകുന്നിൽ കെ.പി.ബിനൂപ് ഉദ്ഘാടനം ചെയ്തു. പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.ജി.ലത്തീഫ്, കെ.കെ.മോഹൻദാസ്, കെ.സജിത്ത്, ടി.കെ.നാണു, കെ.ടി.മനോജൻ എന്നിവർ പ്രസംഗിച്ചു.
പ്രവർത്തനം ഊർജിതമാക്കാൻ വെൽഫെയർ പാർട്ടി
വടകര ∙ ഷാഫി പറമ്പിലിന്റെ വിജയത്തിനായി പ്രവർത്തനം ഊർജിതമാക്കാൻ വെൽഫെയർ പാർട്ടി ചോറോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിശദീകരണ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സഫറുദീൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മൂസ ഓർക്കാട്ടേരി, നസീമ മഹമ്മൂദ്, പി.ടി.കെ.നസീർ, തായാട്ട് ഷംസു, സി.കെ.മഹമ്മൂദ് എന്നിവർ പ്രസംഗിച്ചു. വെൽഫെയർ പാർട്ടി മുട്ടുങ്ങൽ കുടുംബ സംഗമത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.മഹമ്മൂദ് അധ്യക്ഷത വഹിച്ചു. മൂസ ഓർക്കാട്ടേരി, സഫറുദീൻ, ഹൈറുന്നിസ അഷ്റഫ്, എ.കെ.നജീബ് എന്നിവർ പ്രസംഗിച്ചു.