ADVERTISEMENT

ബേപ്പൂർ ∙ സ്വന്തം ആഡംബര കപ്പലിൽ ലോകം ചുറ്റുന്ന വിദേശ വിനോദസഞ്ചാരികൾ ബേപ്പൂർ തുറമുഖത്തെത്തി. അമേരിക്കൻ സ്വദേശികളായ കുസ്മിനെ സെർജ്യുവും ഭാര്യ എലേനയുമാണ് ‘ലൊഹൻക’ എന്ന ആഡംബര കപ്പലിൽ രാവിലെ തുറമുഖത്ത് എത്തിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾക്കു ശേഷം പുറത്തിറങ്ങിയ ഇരുവരും ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രം, നഗരത്തിലെ മിഠായിത്തെരുവ്, വലിയങ്ങാടി എന്നിവ സന്ദർശിച്ചു. 

സ്വന്തം ആഡംബര കപ്പലിൽ ബേപ്പൂർ തുറമുഖത്ത് എത്തിയ അമേരിക്കൻ സ്വദേശികളായ 
കുസ്മിനെ സെർജ്യുവും ഭാര്യ എലേനയും.
സ്വന്തം ആഡംബര കപ്പലിൽ ബേപ്പൂർ തുറമുഖത്ത് എത്തിയ അമേരിക്കൻ സ്വദേശികളായ കുസ്മിനെ സെർജ്യുവും ഭാര്യ എലേനയും.

അത്യാധുനിക സൗകര്യങ്ങളോടെ 2001ൽ നിർമിച്ച ഇവരുടെ ആഡംബര കപ്പൽ അമേരിക്കയിലെ ജോർജ് ടൗൺ തുറമുഖത്താണ് റജിസ്റ്റർ ചെയ്തത്. 32.25 മീറ്റർ നീളമുള്ള കപ്പലിന് 8.6 മീറ്റർ വീതിയുണ്ട്. ആധുനിക വാർത്താവിനിമയ സംവിധാനങ്ങളോടെ 128 ടൺ കേവുഭാരമുണ്ട്. ക്യാപ്റ്റൻ റെയ്മണ്ട് പീറ്ററിന്റെ നേതൃത്വത്തിൽ 7 ജീവനക്കാരുണ്ട്. 

20ന് കൊച്ചിയിലെത്തിയ സംഘം 3 ദിവസം അവിടെ സന്ദർശനം നടത്തിയാണ് ബേപ്പൂരിലേക്ക് തിരിച്ചത്. തുറമുഖ പൈലറ്റ് കെ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് മിത്ര ടഗ് ഉപയോഗിച്ച് കപ്പൽ സുരക്ഷിതമായി വാർഫിൽ അടുപ്പിച്ചത്. 

തുറമുഖത്ത് എത്തിയ സഞ്ചാരികളെ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, വാർഫ് സൂപ്പർവൈസർമാരായ ആർ.സക്കീർ ഹുസൈൻ, പി.പി.ജിനോയ്, എ.പി.വാമദേവൻ എന്നിവർ ചേർന്നു സ്വീകരിച്ചു. 

വൈകിട്ട് കപ്പൽ കണ്ണൂർ അഴീക്കൽ തുറമുഖത്തേക്കു പോയി. അഴീക്കലിൽ നിന്നു മംഗളൂരു, ഗോവ തുറമുഖങ്ങൾ സന്ദർശിച്ച് മുംബൈയിലേക്ക് പോകാനാണ് പദ്ധതി. ബേപ്പൂരിലെ പിവി കാർഗോ ക്ലിയറിങ് ആൻഡ് ഷിപ്പിങ് ഏജൻസിയാണ് കൊച്ചി മുതൽ മംഗളൂരു വരെയുള്ള ഇവരുടെ യാത്ര കസ്റ്റംസ് ക്ലിയറിങ് സൗകര്യം ഒരുക്കുന്നത്.

English Summary:

Beypore Welcomes World Travelers: US Natives Explore the City's Industrial Might

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com