തിരുവമ്പാടിയിലും കൂടരഞ്ഞിയിലും വരൾച്ച രൂക്ഷം
Mail This Article
തിരുവമ്പാടി∙ വരൾച്ച രൂക്ഷമായതോടെ പഞ്ചായത്തിന്റെ ജലവിതരണ വാഹനം കാത്തു നിൽക്കുകയാണ് ജനങ്ങൾ. ജലനിധി പദ്ധതിയുടെ സ്രോതസ്സുകൾ വറ്റിയതാണ് ജലക്ഷാമത്തിനു കാരണം. തൊണ്ടിമ്മൽ, ചാലിത്തൊടിക, മാഞ്ചാലിൽ, ഭഗവതിത്തോട്ടം, തമ്പുരാട്ടിപടി, പാലക്കടവ് ,ചെമ്രദായിപ്പാറ, പാമ്പിഴഞ്ഞപാറ, നെല്ലാനിച്ചാൽ, തമ്പലമണ്ണ, ഓളിയ്ക്കൽ മധുരമൂല പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷം.
ഈ പ്രദേശങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ കൊടുക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒരാൾക്ക് 200 ലീറ്റര് മുതൽ 400 ലീറ്റർ വരെ വെള്ളമാണ് വിതരണം ചെയ്യുക. തിരുവമ്പാടി എ ടു ഇസഡ് ഏജൻസിക്കാണ് വിതരണച്ചുമതല.
കൂടരഞ്ഞി ∙ പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങി. ജലനിധി പദ്ധതിയുടെ കുളങ്ങളും കിണറുകളും വറ്റിയതോടെ പല പദ്ധതികളുടെയും ജല വിതരണം നിലച്ചു. പുഴയിലെ നീരൊഴുക്ക് നിലച്ചതോടെ കിണറുകളും കുളങ്ങളും വറ്റിയ നിലയിൽ ആണ്.