കോഴിക്കോട് എൻഐടി പ്രഫസർക്ക് രാജ്യാന്തര അംഗീകാരം
Mail This Article
കോഴിക്കോട്∙ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർഎസ്‌സി) യുടെ ഫെലോ ആയി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) പ്രഫസറായ മലയാളി ശാസ്ത്രജ്ഞൻ തിരഞ്ഞെടുക്കപ്പെട്ടു. എൻഐടിയിലെ പ്രഫസറും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. പരമേശ്വരൻ പാട്ടിയിലിനാണ് രസതന്ത്രത്തിന് നൽകിയ സംഭാവനകൾക്ക് ‘ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി’ (എഫ്ആർഎസ്‌സി) ലഭിച്ചത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ്‌സിയുടെ ലക്ഷ്യം രസതന്ത്രപഠനം പ്രോത്സാഹിപ്പിക്കുക, കെമിക്കൽ ശാസ്ത്രജ്ഞരെ കൂടുതൽ ഗവേഷണങ്ങൾ നടത്താനും കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനും സഹായിക്കുക എന്നിവയാണ്. കെമിക്കൽ സയൻസിന് മികച്ച സംഭാവന നൽകുന്ന വിദഗ്ധർക്കാണ് പ്രഫഷനൽ സൊസൈറ്റിയായ ആർഎസ്‌സിയുടെ സീനിയർ മെമ്പർഷിപ്പായ എഫ്ആർഎസ്‌സി ലഭിക്കുക. കെമിക്കൽ സയന്റിസ്റ്റിനുള്ള ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണിത്.
രാസബന്ധനത്തിലും പ്രതിപ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് തൃശൂർ സ്വദേശിയായ പരമേശ്വരന്റെ ഗവേഷണങ്ങൾ.