അജ്മീർ ഷാ ബോട്ടിനും 16 തൊഴിലാളികൾക്കും എന്തു സംഭവിച്ചു? 3 വർഷമായിട്ടും മായാതെ ദുരൂഹത
Mail This Article
ബേപ്പൂർ ∙ ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ അജ്മീർ ഷാ ബോട്ടും 16 തൊഴിലാളികളെയും കാണാതായിട്ടു ഇന്നേക്ക് 3 വർഷം. ബേപ്പൂർ സ്വദേശി കെ.ടി.ഷംസുദീന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളികളെക്കുറിച്ച് പല ഏജൻസികളും അന്വേഷിച്ചെങ്കിലും ഒരു വിവരവുമില്ല. 2021 മേയിൽ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിൽ ബോട്ട് കടലിൽ മുങ്ങിയിട്ടുണ്ടാകും എന്നാണു സംശയം. എന്നാൽ, ഇതു സാധൂകരിക്കാൻ വേണ്ട തെളിവുകൾ തിരച്ചിൽ സംഘത്തിനു ലഭിച്ചില്ല. ഇതിനാൽ 3 വർഷം പിന്നിടുമ്പോഴും ബോട്ടിനും തൊഴിലാളികൾക്കും എന്തു സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബോട്ട് കണ്ടെത്താത്തതിനാൽ സർക്കാരിൽ നിന്നു ബോട്ടുടമയ്ക്കും തൊഴിലാളികളുടെ കുടുംബങ്ങൾക്കും ആനുകൂല്യവും ലഭിച്ചില്ല. കടുത്ത മാനസിക പ്രയാസത്തിലാണ് കാണാതായ 16 തൊഴിലാളികളുടെയും കുടുംബങ്ങൾ കഴിയുന്നത്. പണിക്കു പോകാൻ മറ്റാരും ഇല്ലാത്തതിനാൽ പല കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്. ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ സമാഹരിച്ചു നൽകിയ ചെറിയൊരു തുക മാത്രമാണ് ഇവർക്കു സഹായമായി കിട്ടിയത്.
2021 മേയ് 5നു ബേപ്പൂർ ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ 12 തമിഴ്നാട് കുളച്ചൽ സ്വദേശികളും 4 ബംഗാൾ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. മേയ് 13ന് ഉച്ചയ്ക്ക് മംഗളൂരു മൽപെ ഭാഗത്തു ബേപ്പൂരിൽ നിന്നു തന്നെയുള്ള സിൽവർ ലൈൻ ബോട്ടുകാരാണ് അജ്മീർ ഷാ ബോട്ട് അവസാനമായി കണ്ടത്. മൽപെയ്ക്കു പടിഞ്ഞാറ് 60 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അത്. അന്ന് ഉച്ചയ്ക്ക് 2 മണിയോടെ ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനാൽ കടലിലുണ്ടായിരുന്ന മറ്റു ബോട്ടുകളെല്ലാം വിവിധ ഹാർബറുകളിൽ അടുപ്പിച്ചിരുന്നു. എന്നാൽ, അജ്മീർ ഷാ ബോട്ടിനെ കുറിച്ച് അന്നും വിവരമുണ്ടായില്ല.
മേയ് 19 മുതൽ കോസ്റ്റ് ഗാർഡും നാവികസേനയും ഒരാഴ്ചയോളം മൽപെ ആഴക്കടലിൽ തിരച്ചിൽ നടത്തി. ഇതിനു പുറമേ ബേപ്പൂരിൽ നിന്നും കുളച്ചലിൽ നിന്നുമുള്ള മത്സ്യബന്ധന ബോട്ടുകളും ഒരു മാസത്തോളം തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കാണാതായവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ നടപടി വേണമെന്നു ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു.