വരൾച്ച: കൂരോട്ടുപാറ പദ്ധതി പ്രവർത്തനം നിലച്ചു; വിതരണത്തിനു വെള്ളമില്ല
Mail This Article
കോടഞ്ചേരി∙ വേനൽ കനത്തതോടെ പഞ്ചായത്തിലെ കൂരോട്ടുപാറ ജലവിതരണ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. കൂരോട്ടുപാറ തോട്ടിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. കേരള ജല അതോറിറ്റി നിർമിച്ച കോൺക്രീറ്റ് തടയണയിൽ വെള്ളം ഇല്ലാതായി. പദ്ധതി പൂർണമായും പ്രവർത്തനരഹിതമായിക്കുകയാണ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. കൂരോട്ടുപാറ തോട്ടിൽ നിന്നു പൈപ്പ് വഴി സ്വാഭാവിക നീരൊഴുക്കിൽ അങ്ങാടിയിൽ സ്ഥാപിച്ച വലിയ ജലസംഭരണിയിൽ വെള്ളം എത്തിച്ച് പൈപ്പ് വഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ജല ശുദ്ധീകരണത്തിനു ക്ലോറിനേഷൻ ചേംബറും സ്ഥാപിച്ചിട്ടുണ്ട്. വേനലിൽ കൂരോട്ടുപാറ തോട് പൂർണമായും വറ്റി വരണ്ടു. മഴ എത്തി കൂരോട്ടുപാറ തോട്ടിൽ നീരൊഴുക്ക് ഉണ്ടായാൽ മാത്രമേ ഇവിടെ നിന്നു ജല വിതരണം ആരംഭിക്കാനാകൂ.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൂരോട്ടുപാറ തോട്ടിൽ പുതിയ കോൺക്രീറ്റ് തടയണ നിർമിച്ചെങ്കിലും വെള്ളമില്ല. ജല അതോറിറ്റിയുടെ മറ്റു പദ്ധതികളായ ഇരുവഞ്ഞിപ്പുഴയിലെ കണ്ടപ്പൻചാൽ പദ്ധതി, പുല്ലൂരാംപാറ പത്തായപ്പാറ പദ്ധതി എന്നിവ വഴിയാണ് ഇപ്പോൾ ശുദ്ധജല വിതരണം നടക്കുന്നത്. ഈ പദ്ധതികളിലും വേനൽ ശക്തമായതോടെ ജല ലഭ്യത കുറഞ്ഞിട്ടുണ്ട്. ജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള വിതരണ പദ്ധതികളുടെ ജോലികൾ പഞ്ചായത്തിൽ നടക്കുന്നുണ്ടെങ്കിലും ജല വിതരണം എന്ന് ആരംഭിക്കുമെന്ന് പറയാറായിട്ടില്ല.