കൊടുംവേനൽ: ജലസ്രോതസ്സുകൾ വറ്റി വരളുന്നു; കുടിവെള്ളമില്ലാതെ മലയോര മേഖല
Mail This Article
ബാലുശ്ശേരി ∙ മലയോര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. തലയാട്, മണിച്ചേരി, മങ്കയം, വയലട, കുറുമ്പൊയിൽ, കണ്ണാടിപ്പൊയിൽ ഭാഗങ്ങളിലെ സ്വാഭാവിക ജലസ്രോതസ്സുകൾ മിക്കതും വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.ജല ജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ വെള്ളം ലഭിക്കുന്നത് തോരാട് മേഖലയിൽ ആശ്വാസമാകുന്നു. എങ്കിലും ഈ പദ്ധതിയും പൂർണമായിട്ടില്ല.
ഇനിയും ഏതാനും കുടുംബങ്ങൾക്ക് പദ്ധതിയിൽ നിന്നു വെള്ളം ലഭിക്കേണ്ടതുണ്ട്.പനങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വരൾച്ച രൂക്ഷമായ മേഖലകളിൽ ലോറിയിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. നിലവിൽ 2 ലോറികളിലാണു കുടിവെള്ളം വിതരണം ചെയ്യുന്നത്. രാവിലെ തുടങ്ങുന്ന കുടിവെള്ള വിതരണം രാത്രി വരെ നീളുന്നു.
പൂനൂർ പുഴ വറ്റിവരണ്ടതാണ് തലയാട് മേഖലയിൽ വരൾച്ച രൂക്ഷമാക്കുന്നത്. പുഴയിൽ നിശ്ചിത സ്ഥലങ്ങളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.എരമംഗലം, മണ്ണാംപൊയിൽ ഭാഗങ്ങൾ ഉൾപ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ ബാലുശ്ശേരി പഞ്ചായത്ത് ലോറിയിൽ കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ട്.