അകലാപ്പുഴ തീരത്തു ഭൂമാഫിയ നികത്തിയത് 3 ഏക്കർ കണ്ടൽക്കാട്
Mail This Article
കോഴിക്കോട് ∙ കക്കോടി പഞ്ചായത്തിൽ ചെലപ്രം ബദിരൂർ അകലാപ്പുഴ തീരത്തു 3 ഏക്കർ കണ്ടൽക്കാട് ഭൂമാഫിയ നികത്തി. സ്ഥലത്തെ സ്വകാര്യ വ്യക്തിയിൽ നിന്നു വർഷങ്ങൾക്കു മുൻപ് ചിലർ വാങ്ങിയ, പുഴയോടു ചേർന്നുള്ള ചതുപ്പു നിലമാണ് ആഴ്ചകൾക്കു മുൻപ് റവന്യു അധികൃതരുടെ കണ്ണുവെട്ടിച്ചു നികത്തിയത്. അകലാപ്പുഴയുടെ തീരത്ത് ഉണ്ണിമുക്ക്, കുലവൻകാവ് ക്ഷേത്രം താഴം, അപ്പാട്ടോടിതാഴം, മൈലപ്പറമ്പത്ത് താഴം ബണ്ട് എന്നിവിടങ്ങളിലാണു മണ്ണിട്ടു നികത്തിയത്. കക്കോടി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും നടപടിയില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. ഒടുവിൽ തഹസിൽദാർക്കു നൽകിയ വിവരത്തെ തുടർന്നു റവന്യു വിഭാഗം കഴിഞ്ഞ ദിവസം നികത്തൽ തടഞ്ഞു.
അടുത്തകാലത്തായി ടൂറിസം പദ്ധതികളുമായി അകലാപ്പുഴത്തീരം സജീവമായതോടെയാണു റിസോർട്ട് നിർമാണത്തിന്റെ പേരിൽ ഈ മേഖലയിൽ മണ്ണിട്ടു നികത്തിയത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പ്രദേശത്തു നികത്തൽ ആരംഭിച്ചെങ്കിലും റസിഡന്റ്സ് അസോസിയേഷനിലെ ചിലർ പ്രതിഷേധവുമായി എത്തി. ഇതോടെ തൽക്കാലം നികത്തൽ നിർത്തി. എന്നാൽ, പോളിങ് ദിനം മുതൽ നാലു ദിവസം കൊണ്ടാണു വൻതോതിൽ നികത്തിയത്. കക്കോടി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്നാണ് ആരോപണം.
ഈ മേഖലയിൽ ക്ഷേത്രം പരിസരം കഴിഞ്ഞാൽ പുഴയോര മേഖലയിൽ ജനവാസം കുറവാണ്. ഇവിടെയാണ് രാപകൽ മിനിലോറിയിൽ മണ്ണടിക്കുന്നത്. പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തിയും പണം നൽകി സ്വാധീനിച്ചുമാണു നികത്തലെന്നും ആക്ഷേപമുണ്ട്.
അകലാപ്പുഴ തീരത്തു മണ്ണിട്ടു നികത്തിയ സ്ഥലം 9 പേരുടേതാണെന്നു പരിശോധനയിൽ കണ്ടെത്തിയതായി കക്കോടി വില്ലേജ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ഒരാൾക്കു നോട്ടിസ് നൽകി. സ്ഥലം പരിശോധിച്ച റിപ്പോർട്ട് ഇന്നു റവന്യു വിഭാഗത്തിനു കൈമാറും. പുഴയോരം നേരത്തെ സ്വകാര്യ വ്യക്തികൾ കയ്യടക്കി മറിച്ചു വിൽപന നടത്തിയതാണോ എന്നു പരിശോധിക്കും. ഇതിനായി സർവേ നടപടികൾ നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.