കല്ലാച്ചിയിൽ റോഡ് ചതിക്കുമോ? ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് 2 ജീവൻ
Mail This Article
നാദാപുരം∙ ഒരാഴ്ചയ്ക്കിടയിൽ 2 അപകട മരണങ്ങൾ സംഭവിച്ചതിന്റെ ദുഃഖത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കല്ലാച്ചിയും പരിസരവും. കഴിഞ്ഞ 5ന് ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യവേ വാണിമേൽ പാലത്തിനു സമീപത്ത് മരക്കൊമ്പ് പൊട്ടി വീണു പരുക്കേറ്റ കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് (55) 7ന് മരിച്ചു. കല്ലാച്ചിയിലെ മിനി ബൈപാസ് റോഡിൽ കൂടി നടന്നു പോകവെ 3നു പിക്കപ് വാൻ ഇടിച്ചു പരുക്കേറ്റ ചിയ്യൂരിലെ പാറേമ്മൽ ഹരിപ്രിയ(20) ബുധൻ രാത്രിയാണു മരിച്ചത്.
കല്ലാച്ചിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഴയ ട്രഷറി റോഡ് ഒരു കോടിയോളം രൂപ ചെലവിലാണു നവീകരിച്ചത്. കയറ്റവും ഇറക്കവും കൊടും വളവുകളും നിറഞ്ഞ പാതയിൽ അനധികൃത പാർക്കിങ്ങും അമിത വേഗവും കൂടിയാകുന്നതോടെ അപകടങ്ങളും പതിവായി. ഇതു വരെ ഉദ്ഘാടനം നടക്കാത്ത ഈ മിനി ബൈപാസ് റോഡിൽ സംഭവിച്ച അപകടങ്ങൾ അമ്പതിനടുത്താണ്. പരുക്കേറ്റവരുമേറെ.
കല്ലാച്ചി ടൗൺ വികസനത്തിനു പിഡബ്ല്യുഡി 3 കോടിയിലേറെ രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങാനുള്ള നടപടികൾ എവിടെയുമെത്താത്തത് കാരണം ടൗണിലുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. വാഹനങ്ങൾ മിനി ബൈപാസ് കയറി ഇറങ്ങാൻ ഇടയാക്കുന്നതും ഈ കുരുക്കാണ്. മിനി ബൈപാസിന്റെ അപകടാവസ്ഥ നിർമാണ ഘട്ടത്തിൽ തന്നെ പലരും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. ആരും ഗൗനിച്ചില്ല. അസീസിന്റെ ജീവനെടുത്തത് പിഡബ്ല്യുഡി റോഡിലെ തണൽ മരത്തിന്റെ കൊമ്പാണ്. ഇത്തരം മരങ്ങളും കൊമ്പുകളും പലയിടങ്ങളിലും നില നിൽക്കുന്ന കാര്യം വാർത്തയായെങ്കിലും പരിഹാരമുണ്ടാകുന്നില്ല.
ഹരിപ്രിയയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി
മിനി ബൈപാസ് റോഡിൽ പിക്കപ് ഇടിച്ചു മരിച്ച ബിരുദ വിദ്യാർഥിനി ചിയ്യൂരിലെ പാറേമ്മൽ ഹരിപ്രിയ(20)യുടെ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കുറ്റ്യാടി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഹരിപ്രിയയുടെ സഹോദരി ഗോപികയും കുടുംബവും ഗുജറാത്തിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയ ശേഷമാണു സംസ്കാരം. പാലക്കാട്ടെ കോളജിൽ ബിരുദ പരീക്ഷയെഴുതിയ ഹരിപ്രിയ ഫലം വരുന്നതിനു മുൻപാണ് അപകടത്തിൽപ്പെട്ടത്.