നവവധുവിനു ക്രൂരമർദനം: രാഹുലിനെ കണ്ടെത്താൻ ഇന്റർപോൾ നോട്ടിസ്
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താൻ, രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കി. രാഹുൽ രാജ്യം വിട്ടെന്ന സൂചന ലഭിച്ചതോടെ തിരച്ചിൽ നോട്ടിസ് ഇറക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.
രാഹുൽ ജർമനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേ സമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി.
രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണി നിലയത്തിൽ രാജേഷിനെ (32) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു. മർദനമേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ രാജേഷും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാത്ത സാഹചര്യത്തിൽ പൊലീസ് വീണ്ടും നോട്ടിസ് നൽകും. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പെൺകുട്ടിയെ എറണാകുളം പറവൂരിലെ വീട്ടിൽ മന്ത്രി ആർ.ബിന്ദു സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കൃത്യമായ ബോധവൽക്കരണവും കർക്കശമായ നടപടികളും വേണമെന്നു മന്ത്രി പറഞ്ഞു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും അവഗണിച്ചു
രാഹുൽ പി. ഗോപാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും പൊലീസ് അവഗണിച്ചു. 12നു കേസെടുത്ത ശേഷം പൊലീസ് രാഹുലിനെ വിട്ടയച്ചതു വിവാദമായതോടെയാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ കാര്യമായ നടപടിയൊന്നും എടുക്കാതിരുന്ന പൊലീസിനെ വെട്ടിച്ച് 14ന് രാത്രിയോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് ബെംഗളൂരുവിലും മറ്റും അന്വേഷിച്ചു കൊണ്ടിരിക്കെയാണ്, താൻ രാജ്യം വിട്ടുവെന്നു പറയുന്ന വിഡിയോ രാഹുൽ മാധ്യമങ്ങൾക്ക് അയച്ചത്.
സസ്പെൻഷനിലായ ഇൻസ്പെക്ടർക്കെതിരെ വീണ്ടും പരാതി യുവതിയുടെ മരണം അന്വേഷിച്ചില്ല
ബേപ്പൂർ ∙ നവവധുവിനു ഭർതൃവീട്ടിൽ മർദനമേറ്റ സംഭവത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപം നേരിടുന്ന പന്തീരാങ്കാവ് പൊലീസിനെതിരെ വീണ്ടും പരാതി. മാറാട് സാഗരസരണി മമ്പറമ്പത്ത് നിമ്മി (30) പെരുമണ്ണയിലെ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ പിതാവ് എം.ബാബുരാജൻ നൽകിയ പരാതി അന്വേഷിച്ചില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട പന്തീരാങ്കാവ് ഇൻസ്പെക്ടർ എ.എസ്.സരിൻ എസ്എച്ച്ഒ ആയിരിക്കെ താൻ നൽകിയ പരാതി ഗൗരവത്തിലെടുത്തില്ലെന്നും, തെളിവു കൊണ്ടുവരാൻ തന്നോട് ആവശ്യപ്പെട്ടതായും നിമ്മിയുടെ അച്ഛൻ എം.ബാബുരാജൻ പറഞ്ഞു.
മാർച്ച് 11ന് ആണു നിമ്മിയെ പെരുമണ്ണ വെള്ളായിക്കോട്ടെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന്റെ ആറാം വാർഷികത്തിന് ഒരാഴ്ച മുൻപായിരുന്നു മരണം. മകൾ തൂങ്ങി മരിച്ചതല്ലെന്നും, കൊലപാതകമാണെന്നും, ഭർത്താവ് മർദിച്ചിരുന്നതായും ചൂണ്ടിക്കാട്ടിയാണു ബാബുരാജൻ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇൻസ്പെക്ടർ പരാതി പരിഗണിച്ചില്ല.
ഒന്നരയും നാലും വയസ്സുള്ള പിഞ്ചുമക്കളുള്ള നിമ്മി ആത്മഹത്യ ചെയ്യില്ലെന്നും, തലേ ദിവസവും ഫോണിൽ സംസാരിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. നിമ്മി മരിച്ച വിവരം മറച്ചു വയ്ക്കാൻ ഭർത്താവിന്റെ കുടുംബം ശ്രമിച്ചതായും ആരോപണമുണ്ട്. പന്തീരാങ്കാവ് പൊലീസിൽ നിന്നു നീതി ലഭിക്കാതായപ്പോൾ സിറ്റി പൊലീസ് കമ്മിഷണർക്കും പിന്നീടു മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും എം.ബാബുരാജൻ പറഞ്ഞു.