വോട്ടെണ്ണൽദിനത്തിൽ കർശന നിയന്ത്രണം: ആഹ്ലാദപ്രകടനം രാത്രി വേണ്ട
Mail This Article
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്നു കലക്ടർ സ്നേഹിൽകുമാർ സിങ്. വോട്ടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കലക്ടർ. വോട്ടെണ്ണൽ ദിനമായ ജൂൺ 4ലെ ആഹ്ലാദപ്രകടനങ്ങൾ ഒരു കാരണവശാലും രാത്രിയിലേക്ക് നീളരുത്. ആഘോഷ പരിപാടികളുടെ ഭാഗമായി പടക്കം ഉപയോഗിക്കുന്നത് ഒഴിവാക്കണം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജാഗ്രത വേണമെന്നും കലക്ടർ പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ കർശന സുരക്ഷാസംവിധാനം ഒരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, റൂറൽ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ എന്നിവർ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ വോട്ടെണ്ണൽ ദിനത്തിനു മുന്നോടിയായി എടുത്തുമാറ്റണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ പൊലീസ് പ്രാദേശികതലത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനമായി. വടകര മണ്ഡലം വരണാധികാരി എഡിഎം കെ.അജീഷ്, തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ ശീതൾ ജി.മോഹൻ, പാർട്ടി പ്രതിനിധികളായ പി.എം.അബ്ദുറഹ്മാൻ (കോൺഗ്രസ്), എം. ഗിരീഷ് (സിപിഎം), കെ.കെ.നവാസ് (മുസ്‌ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി.ടി.ആസാദ് (ജനതാദൾ എസ്) തുടങ്ങിയവർ പങ്കെടുത്തു.