ADVERTISEMENT

കോഴിക്കോട് ∙  ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നരിക്കുനി പന്നിക്കോട്ടൂർ സ്വദേശി മുഹമ്മദ് അനസിനെ (26) കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച സന്ധ്യയോടെ ഇയാളെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോൾ പൊലീസിന്റെ മുഖത്തു മുളകുപൊടി വിതറി ആക്രമിച്ചതിന് ടൗൺ പൊലീസ് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. ഈ കേസിൽ അനു എന്ന യുവതിക്കെതിരെയും കേസെടുത്തു. അനസിനെ കസബ പൊലീസ് വൈദ്യപരിശോധനയ്ക്കായി ബീച്ച് ജനറൽ ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ മാസ്ക് ആണെന്നു പറഞ്ഞ് അനു നൽകിയ  പൊതിയിലുണ്ടായിരുന്ന മുളകു പൊടിയാണ് പൊലീസുകാരെ ആക്രമിക്കാൻ ഉപയോഗിച്ചത്. ഇതിനു പുറമേ  പ്രതിയെ രക്ഷപ്പെടുത്തിക്കൊണ്ടു പോകാൻ കോടതിക്കു വെളിയിൽ ഈ യുവതി വാഹനവുമായി കാത്തിരുന്നതായും പൊലീസിനു വിവരം  ലഭിച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച് ഓടിയ മുഹമ്മദ് അനസിനു കോടതിയുടെ ഗേറ്റ് മാറിപ്പോയതിനാലാണ് വാഹനത്തിൽ കടന്നു കളയാൻ കഴിയാതെ പോയത്. 

വെള്ളിയാഴ്ച സന്ധ്യയോടെ കോടതി വളപ്പിലുണ്ടായ ഈ സംഭവങ്ങൾക്ക് പിന്നാലെ കസബ പൊലീസ് പരിസരത്തെ ഒരു ലോഡ്ജ് വളപ്പിൽ നിന്ന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ കുപ്പിച്ചില്ലു കൊണ്ട് പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും അതിനിടയിൽ സ്വന്തം കൈ ഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 13ന് ആണ് മുഹമ്മദ് അനസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ സന്ദർശക സമയത്തിനു ശേഷം കാണാൻ അനുവദിക്കാതിരുന്നതാണ് ആക്രമണത്തിനു കാരണം. ഈ കേസിൽ അജിത്ത് വർഗീസ് (25), ജിൽഷാദ് (30) എന്നിവരെ അന്നു തന്നെ കസബ പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com