വെള്ളക്കെട്ട്: വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ
Mail This Article
കോഴിക്കോട്∙ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അരയിടത്ത് പാലത്തുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പമ്പിങ് സംവിധാനം ഏർപ്പെടുത്തും. അറ്റകുറ്റപ്പണി നടത്തുന്നതിനായി തുറന്ന എല്ലാ മാൻഹോളുകളും എത്രയും പെട്ടെന്ന് അടക്കുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. രാജാജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഡ്രെയിനേജിലെ മണ്ണും മാലിന്യങ്ങളും സക്കർ ഉപയോഗിച്ച് നീക്കം ചെയ്യും. കനോലി കനാലിലേക്ക് എത്തിച്ചേരുന്ന ഡ്രെയിനേജുകളുടെ മണ്ണ് നീക്കം ചെയ്യുന്നതിന് ഇറിഗേഷനെ ചുമതലപ്പെടുത്തി. മനന്തല തോടിലെ മണ്ണെടുത്ത് റെയിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
മഞ്ചക്കൽ തോട് ശുചീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കും. മൂഴിക്കൽ പ്രദേശത്ത് കോഴിക്കോട് – വയനാട് റോഡിന്റെ ഇരുവശത്തുമുള്ള ഡ്രെയിനേജിലെ മണ്ണും മാലിന്യങ്ങളും നീക്കുന്നതിന് പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തെ ചുമതലപ്പെടുത്തി. കോർപറേഷന്റെ ഫ്ലഡ് സ്ക്വാഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇറിഗേഷൻ, പിഡബ്ല്യുഡി റോഡ്സ്, എൻഎച്ച്, കെഎസ്ഇബി, പൊലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളുടെയും പ്രതിനിധികളെ കൂടി ഫ്ലഡ് സ്ക്വാഡിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും.
അടിയന്തര സാഹചര്യങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സാധനസാമഗ്രികളും കോർപറേഷൻ ലഭ്യമാക്കും. മഴയ്ക്ക് മുൻപായി അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചു മാറ്റുന്നതിനും യോഗത്തിൽ തീരുമാനമായി.