തേങ്ങയ്ക്കു വില പിന്നോട്ട്; കർഷകർ പ്രതിസന്ധിയിൽ
Mail This Article
കുറ്റ്യാടി∙ തേങ്ങയ്ക്കു വില ദിവസംതോറും കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ച മുൻപു വരെ പച്ചത്തേങ്ങ കിലോയ്ക്ക് 37 രൂപയായിരുന്നു. അതിപ്പോൾ 27 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. സ്കൂൾ, കോളജ് തുറക്കൽ സമയത്ത് തേങ്ങയുടെ വിലയിടിവ് കർഷകരെ സാരമായി ബാധിക്കും. ഇതിനു പുറമേ തെങ്ങിന് വളം ചെയ്യേണ്ട സമയം കൂടിയാണിത്.
പച്ചത്തേങ്ങ പൊതിച്ച് വിപണിയിൽ എത്തിച്ചാൽ ഒരെണ്ണത്തിന് 7 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ. കൂലിച്ചെലവും വണ്ടിക്കൂലിയും കുറച്ചാൽ കർഷകന് നഷ്ടമായിരിക്കും. വിലകൂടിയ സമയത്ത് തേങ്ങ ഒന്നിന് 10 രൂപവരെ ലഭിക്കുമായിരുന്നു. തെങ്ങൊന്നിന് കയറ്റക്കൂലി കൂലി 40 രൂപ മുതൽ 50 വരെ വാങ്ങുന്നുണ്ട്. പൊതിക്കാൻ ഒരു തേങ്ങയ്ക്ക് ഒരു രൂപ കൂലി കൊടുക്കണം. ഭാരിച്ച കൂലിച്ചെലവ് കാരണം തെങ്ങിൽ നിന്ന് തേങ്ങ പറിച്ചെടുക്കാത്ത കർഷകരും ഉണ്ട്.
തമിഴ്നാട്ടിലേക്കാണ് കൂടുതലും പച്ചത്തേങ്ങ കൊണ്ടുപോകുന്നത്. അവിടെ ശക്തമായ മഴ കാരണമാണ് ഡിമാൻഡ് കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കൃഷി വകുപ്പ് മുഖേനയുള്ള പച്ചത്തേങ്ങ സംഭരണവും ഇപ്പോൾ നടക്കുന്നില്ല. കർഷകർക്ക് മറ്റൊരു പ്രതീക്ഷയായിരുന്ന കൃഷിവകുപ്പിന്റെ വിത്തു തേങ്ങ സംഭരണവും ഈ വർഷം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.11 ലക്ഷം തേങ്ങ സംഭരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പകുതി തേങ്ങ പോലും ഈ വർഷം എടുത്തില്ലെന്നും കർഷകർ പറയുന്നു. മാർച്ച് 15നു ശേഷം സംഭരിച്ച തേങ്ങയുടെ പണവും കർഷകർക്ക് ലഭിച്ചിട്ടില്ല. വിത്തു തേങ്ങ സംഭരിച്ച വകയിലുള്ള പണം ഉടൻ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.