റജിസ്ട്രാർ ഓഫിസുകൾക്ക് കെട്ടിടം സ്വന്തമായില്ല; നടപടി വൈകുന്നു
Mail This Article
വടകര ∙ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും 3 റജിസ്ട്രാർ ഓഫിസുകൾ പഴയ കെട്ടിടങ്ങളിൽ. പഴയ കെട്ടിടം പൊളിക്കാൻ കുടിയൊഴിഞ്ഞ വടകര റജിസ്ട്രാർ ഓഫിസ് ഒരു വർഷത്തിലധികമായി വാടകക്കെട്ടിടത്തിലാണ്. പണി കഴിഞ്ഞ പൊൻമേരി, തിരുവള്ളൂർ, അഴിയൂർ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളിലാണ് ഓഫിസ് മാറ്റം നടക്കാത്തത്.
ഓരോ ഓഫിസിനും ഒന്നര കോടിയിലധികമാണ് ചെലവ്. 2023 മേയിൽ തിരക്കിട്ട് ഒരേ ദിവസമായിരുന്നു പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം. എന്നാൽ, വൈദ്യുതീകരണം, കാബിൻ, രേഖകൾ സൂക്ഷിക്കുന്ന മുറി എന്നിവ പൂർത്തിയാകാത്തതിനാൽ ഓഫിസ് പ്രവർത്തനം മാറിയിട്ടില്ല.പൊൻമേരിയിൽ ചന്ദ്രങ്കണ്ടി പാറയ്ക്കു സമീപം പഴയ വാടകവീട്ടിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യം വളരെ കുറവാണ്. അഴിയൂരിൽ 24,000 രൂപയോളം നൽകി വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. തിരുവള്ളൂരിൽ തൽക്കാലം പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നു.
ബ്രിട്ടിഷുകാരുടെ കാലത്ത് പണിത വടകരയിലെ കെട്ടിടം കാലപ്പഴക്കം മൂലം പൊളിക്കാൻ തീരുമാനിച്ചപ്പോഴാണ് എടോടിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. നിർദിഷ്ട റവന്യു ടവറിൽ പകരം മുറി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ടവർ നിർമാണം തുടങ്ങുക പോലും ചെയ്യാത്ത സാഹചര്യത്തിൽ ഇനിയും കുറെ നാൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടി വരും. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഓഫിസ്. റജിസ്ട്രേഷന് എത്തുന്ന വയോധികരും കാലിനു പ്രശ്നമുള്ളവരും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.