രാമനാട്ടുകരയിലെ പുതിയ മേൽപാലം തുറന്നു
Mail This Article
രാമനാട്ടുകര ∙ ദേശീയപാതയിൽ ആറുവരിപ്പാതയ്ക്കായി രാമനാട്ടുകര ബൈപാസ് ജംക്‌ഷനിൽ നിർമിച്ച പുതിയ മേൽപാലം ഗതാഗതത്തിനു തുറന്നു. അവസാനഘട്ട പരിശോധനകൾ പൂർത്തിയാക്കി വൈകിട്ടാണു പാലം വാഹനങ്ങൾക്കു തുറന്നു കൊടുത്തത്. പഴയ മേൽപാലം അടച്ച് ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെയാണ് കടത്തിവിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പഴയപാലം തുറക്കുന്നതോടെ പുതിയ പാലത്തിലൂടെ യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാകും സഞ്ചരിക്കുക.
പഴയ പാലത്തിന് സമാന്തരമായി 440 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലുമാണ് രാമനാട്ടുകരയിൽ പുതിയ മേൽപാലം നിർമിച്ചത്. 30 മീറ്റർ വീതം നീളമുള്ള 12 സ്പാനുകളുള്ള പാലത്തിന് 15 തൂണുകളാണുള്ളത്. 70 ഗർഡറുകളാണ് ആകെ സജ്ജമാക്കിയത്. ഇവയിൽ ബൈപാസ് ജംക്‌ഷനിൽ 10 എണ്ണം സ്റ്റീൽ നിർമിതമാണ്. നീലിത്തോട് പാലം പരിസരം മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ റീച്ചിലെ അഴിഞ്ഞിലം മേൽപാലവും ഇതിനകം ഗതാഗതത്തിന് തുറന്നിട്ടുണ്ട്. ദേശീയപാതയിൽ ചാലിയാറിനു കുറുകെയുള്ള അറപ്പുഴ പാലം പെട്ടെന്നു നിർമിച്ച് ആറുവരിപ്പാതയിൽ മേഖലയിലെ പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.