ADVERTISEMENT

കോഴിക്കോട് ∙ ട്രേഡിങ് നിക്ഷേപത്തിന്റെ പേരിൽ കോഴിക്കോട്ടെ ബിസിനസുകാരനിൽ നിന്നു വിവിധ സമയങ്ങളിലായി 67 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി സുഫിയാൻ കബീറി(45)നെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു തട്ടിപ്പിനു ഉപയോഗിച്ച മൊബൈൽ ഫോൺ, സിം കാർഡ് എന്നിവ കണ്ടെടുത്തു. പ്രതിയെ സിജെഎം കോടതി റിമാൻഡ് ചെയ്തു. മാസങ്ങൾക്കു മുൻപ് പന്തീരാങ്കാവ് സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിൽ ആദ്യം പന്തീരാങ്കാവ് പൊലീസും പിന്നീട് സിറ്റി സൈബർ ക്രൈം പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് എത്തിച്ചു അറസ്റ്റ് ചെയ്തത്. വ്യാജ നമ്പർ ഉപയോഗിച്ചു വാട്സാപ്പിൽ സന്ദേശം അയച്ച് ഇയാളുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 67 ലക്ഷം രൂപ പിൻവലിച്ചു വിവിധ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ലാഭവും നൽകിയ പണവും ലഭിക്കാതെയായി. തുടർന്നു പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. തട്ടിപ്പിനു പിന്നിൽ വൻ സംഘം ഉണ്ടെന്ന കണ്ടെത്തലിൽ അന്വേഷണം സൈബർ ക്രൈം പൊലീസിനു കൈമാറി. തമിഴ്നാട് ബാങ്ക് കേന്ദ്രീകരിച്ചു നിക്ഷേപം നടത്തിയ വിവരം കിട്ടിയതു വഴിത്തിരിവായി. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കോഴിക്കോട്ട് എത്തിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിലെ മുഖ്യപ്രതി വിദേശത്തേക്കു കടന്നു. ഇയാളെ തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് ചാലിക്കര, കെ.ആർ.ഫെബിൻ, ടി.എ.ലിജീഷ്, സിപിഒ ഷമാന എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com