ADVERTISEMENT

ചാത്തമംഗലം ∙ എൻഐടി അനധ്യാപക ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത മൂലം തുക തിരിച്ചു പിടിക്കാൻ നടപടിയുമായി അധികൃതർ. അടുത്ത മാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറച്ച ശേഷം വിതരണം ചെയ്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഓരോ ജീവനക്കാരനും 3 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കേണ്ടി വരും. സംസ്ഥാന സർക്കാരിന് കീഴിലായിരുന്ന ആർഇസി 2002ൽ എൻഐടി ആയി മാറിയെങ്കിലും വർഷങ്ങളോളം ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പ്രമോഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവ നടപ്പാക്കിയിരുന്നില്ല. തുടർന്ന് 2012ൽ കേരള എട്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ നിർദേശങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇത് പിന്നീട് നിയമ പ്രശ്നമായി. 2021ൽ ആറാം കേന്ദ്ര ശമ്പള പരിഷ്കരണ കമ്മിഷൻ ആനുകൂല്യം ജീവനക്കാർക്കും 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയും ചെയ്തു. ഇതോടെ 2012 മുതൽ 2021 വരെ വിതരണം ചെയ്ത ആനുകൂല്യങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ജീവനക്കാരുടെ സംഘടന കൂട്ടായ്മ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു. 2016 മുതൽ കേന്ദ്ര സ്കെയിൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയത് വഴി ജീവനക്കാർക്ക് ലഭിക്കേണ്ട 10 ലക്ഷത്തോളം രൂപ നൽകാൻ അധികൃതർ തയാറായിട്ടുമില്ല. 

വിരമിച്ച ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യത്തിൽ നിന്നും കുടിശിക തിരിച്ചു പിടിച്ച് ശേഷിക്കുന്ന തുക നൽകിയത് വിവാദമാകുകയും ജീവനക്കാർ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം മുതൽ കുടിശിക തുക പരമാവധി 50 മാസ തവണകളായി ജീവനക്കാരുടെ ശേഷിക്കുന്ന സർവീസ് കാലയളവിലെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് സർക്കുലറിൽ പറയുന്നത്. ഭൂരിപക്ഷം ജീവനക്കാർക്കും 2 മുതൽ 4 വർഷം വരെ സർവീസ് മാത്രമാണ് ശേഷിക്കുന്നത്. മാസ തവണകളായി തിരിച്ചടയ്ക്കേണ്ട തുക ഈടാക്കിയാൽ ജോലി ചെയ്താലും ശമ്പളം കൈപ്പറ്റാൻ ഉണ്ടാകില്ലെന്നും ജീവിതം പ്രതിസന്ധിയിലായി മാറും എന്നുമാണ് ജീവനക്കാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com