ADVERTISEMENT

കോഴിക്കോട്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ചു വിഡിയോ കോളിലൂടെ സംസ്ഥാനത്ത് ആദ്യമായി  പണം തട്ടിയ കേസിലെ  പ്രധാന പ്രതിയും അറസ്റ്റിൽ. പ്രശാന്ത് എന്ന മുഹമ്മദ് അലിയാണ് (38) ആണ് തെലങ്കാനയിൽ നിന്നു പിടിയിലായത്. ഇതോടെ തട്ടിപ്പു സംഘത്തിലെ 5 പേരും അറസ്റ്റിലായതായി സിറ്റി സൈബർ പൊലീസ് അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയിൽ നിന്നാണു 2023 ജൂലൈയിൽ പ്രതികൾ പണം തട്ടിയത്. കേന്ദ്ര സർവീസിൽ കൂടെ ജോലിചെയ്തിരുന്നയാളുടെ ശബ്ദവും വിഡിയോ ദൃശ്യവും വ്യാജമായി നിർമിച്ച്, ആശുപത്രിച്ചെലവിനാണെന്ന വ്യാജേന 40,000 രൂപ ഓൺലൈനിലൂടെ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരനു നഷ്ടമായ പണം നേരത്തേ പൊലീസ് കണ്ടെത്തി നൽകിയിരുന്നു. തട്ടിപ്പിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിങ് - ആനിമേറ്റിങ് ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോൺ മുഖ്യപ്രതിയിൽ നിന്നു കണ്ടെടുത്തു.

ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിന്റെ മേൽനോട്ടത്തിൽ  സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി കമ്മിഷണർ പ്രേം സദൻ, ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബീരജ് കുന്നുമ്മൽ, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോർജ് എന്നിവർ സിറ്റി സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ സഹായത്തോടെയാണു മുഖ്യപ്രതിയെ പിടികൂടിയത്. സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രശാന്തിന് ഓൺലൈൻ തട്ടിപ്പുകൾക്കു സഹായം നൽകിയ മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടിൽ, സിദ്ധേഷ് ആനന്ദ് കാർവെ എന്നിവരെ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നിന്നും ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കൗശലിനെ ഡൽഹിയിൽ നിന്നും തട്ടിപ്പിലൂടെ എത്തിയ പണം ബാങ്ക് വഴി പിൻവലിച്ചു നൽകിയ ഷേക്ക് മുർതസ ഹയാത് ഭായിയെ ഗുജറാത്തിലെ മെഹ്സാനയിൽ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com