ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: 5 പേർ അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ കുന്നമംഗലത്ത് ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് മർദനത്തിനിരയായ ആൾ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.
കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് മർദനത്തിരയായ യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. യുവാവ് ബഹളം വയ്ക്കുന്നത് കേട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു.
ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മർദനമേറ്റ യുവാവിനെതിരെ മുൻപ് കേസുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.