മലബാർ റിവർ ഫെസ്റ്റിവലിൽ സന്നാഹ മത്സരങ്ങൾ നാളെ
Mail This Article
കോടഞ്ചേരി∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളോടൊപ്പം നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ സന്നാഹ മത്സരങ്ങൾ ആരംഭിക്കും. വിവിധ പഞ്ചായത്തുകളിലായാണ് ഒരു മാസം നീളുന്ന വിവിധ മത്സരങ്ങൾ നടത്തുന്നത്. ജൂലൈ 25 മുതൽ 28 വരെയാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ.
ഇതോട് അനുബന്ധിച്ചുള്ള ഓഫ് റോഡ് ചാംപ്യൻഷിപ് നാളെ മുതൽ തുഷാരഗിരിയിലെ അഡ്വഞ്ചർ പാർക്കിൽ നടക്കും. 22ന് തിരുവമ്പാടിയിൽ ചൂണ്ട ഇടൽ മത്സരവും 30ന് തുഷാരഗിരിയിൽ മഴ നടത്തവും ദേശീയ ഓഫ് റോഡ് മത്സരവും നടക്കും. ജൂലൈ 5 മുതൽ 7 വരെ ദേശീയ ഓഫ് റോഡ് മത്സരങ്ങൾ നടക്കും. 13ന് ഓമശ്ശേരിയിൽ മഡ് ഫുഡ് ബോൾ മത്സരം. 14ന് മുക്കത്ത് കബഡി ചാംപ്യൻഷിപ്. 20ന് പുതുപ്പാടിയിൽ വടംവലി മത്സരം. 21 മുതൽ 23 വരെ കോടഞ്ചേരിയിൽ മലകയറ്റ പരിശീലനം.
21 ന് തിരുവമ്പാടിയിൽ നീന്തൽ മത്സരവും വാട്ടർ പോളോ പ്രദർശനവും. 21ന് കൽപറ്റ നിന്ന് അരീക്കോട്ടേക്ക് സൈക്കിൾ റാലി. അഡ്വൈഞ്ചർ ഫാം ടൂറിസം, ഹോം സ്റ്റേ, ഭക്ഷണ നിർമാണ പരിശീലനം എന്നിവയും റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടക്കും. 29ന് കോടഞ്ചേരിയിൽ ഗ്രാമീണ ടൂറിസം സെമിനാർ നടത്തും.
∙ പുഴ ശുചിയാക്കൽ ആരംഭിച്ചു}
രാജ്യാന്തര കയാക്കിങ് മത്സരങ്ങൾക്കായി കോടഞ്ചേരിയിൽ പുഴ ശുചീകരണം ആരംഭിച്ചു. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിലാണ് ഇരുവഞ്ഞി പുഴയിൽ കയാക്കിങ്ങിനുള്ള ട്രാക്ക് തെളിക്കൽ നടത്തിയത്. പുഴയിലെ ആറ്റുവഞ്ചി, മുൾപ്പടർപ്പ് എന്നിവയിൽ കുടുങ്ങി ഇരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ റാപ്പിഡ് രാജാ പട്ടം നേടിയ രാജ്യാന്തര കയാക്കർ അമിത് ഥാപ്പ, അങ്കിത് എന്നിവർ പുഴ ശുചിയാക്കാൻ നേതൃത്വം നൽകി.