ADVERTISEMENT

കോഴിക്കോട് ∙ രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 23നു മന്ത്രി എം.ബി.രാജേഷ് നടത്തും. വൈകിട്ട് 5.30നു തളി കണ്ടംകുളം ജൂബിലി ഹാളിലാണ് ഔദ്യോഗിക പ്രഖ്യാപനമെന്ന് മേയർ ബീന ഫിലിപ് അറിയിച്ചു.  സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ രാവിലെ മാനാഞ്ചിറ എസ്കെ സ്ക്വയറിൽ നഗരത്തിലെ പ്രമുഖർ ഉൾപ്പെടെ വായനയിൽ ഏർപ്പെടും. നഗരത്തിലെ സ്കൂളുകളിലെ അസംബ്ലികളിൽ ഇതേ സമയം പുസ്തക വായന നടക്കുമെന്നും മേയർ അറിയിച്ചു. ആനക്കുളം സാംസ്കാരിക നിലയമാണു സാഹിത്യ നഗര കേന്ദ്രമായി മാറുന്നത്. ഇതിനായി ഇവിടെ ആവശ്യമായ നവീകരണം നടത്തി വരികയാണെന്നും ഭാവിയിൽ സാഹിത്യ പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ വാടകയ്ക്കു ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ പരിപാടികൾ വരും കാലങ്ങളിൽ സംഘടിപ്പിക്കുമെന്നും മേയർ അറിയിച്ചു. 2 വർഷം വീതം നീളുന്ന 4 ഘട്ടങ്ങളായിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ ബ്രാൻഡിങ്, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്തൽ, സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന വികസനത്തിനാണ് ഊന്നൽ. സാഹിത്യ മ്യൂസിയം, വായന തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ എന്നിവയും നടപ്പാക്കും. സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശിൽപശാലകൾ, സാധാരണക്കാർക്കു പ്രാപ്യമാകുന്ന പുസ്തക മേളകൾ, ഗൃഹ ലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com