പ്ലസ് വൺ സീറ്റ് പ്രതിസന്ധി: എംഎസ്എഫ് മാർച്ചിൽ സംഘർഷം
Mail This Article
കോഴിക്കോട് ∙ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ നടത്തിയ ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം. കനത്ത പൊലീസ് വലയത്തിലായിരുന്ന ഓഫിസ് വളപ്പിലേക്ക് എംഎസ്എഫ് പ്രവർത്തകരിൽ ചിലർ ഇരച്ചു കയറി പ്രതിഷേധിച്ചതാണ് സംഘർഷത്തിലെത്തിയത്. എംഎസ്എഫ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎസ്എഫ് പ്രവർത്തകരുടെ ആർഡിഡി ഓഫിസ് ഉപരോധം തടയാനായി രാവിലെ തന്നെ വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ഒന്നാം നിലയിലുള്ള ഓഫിസിലേക്ക് സമരക്കാർ കടക്കാതിരിക്കാൻ ഗോവണിയുടെ ഭാഗത്തെ ഗേറ്റ് പൊലീസ് പൂട്ടി. ഓഫിസ് വളപ്പിലെ ഗേറ്റിനു പുറത്തും വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.
പ്രകടനമായെത്തിയ എംഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും എംഎസ്എഫ് ജില്ലാ സെക്രട്ടറി അഫ്നാസ് ചോറോട്, ജില്ലാ പ്രസിഡന്റ് ഷുഹൈബ് എന്നിവർ ആർഡിഡി ഓഫിസ് വളപ്പിൽ കടന്നു. ആർഡിഡിയെ കണ്ട് സംസാരിക്കണമെന്നുള്ള എംഎസ്എഫ് ജില്ലാ ഭാരവാഹികളുടെ ആവശ്യം പൊലീസ് തള്ളി. ഇതിനിടെ സമീപത്തെ വീടിന്റെ മതിൽ ചാടിക്കടന്ന് ചില എംഎസ്എഫ് പ്രവർത്തകർ കൂടി ആർഡിഡി ഓഫിസ് വളപ്പിലെത്തി. ഇവർ മുദ്രാവാക്യം വിളികളുമായി ഗോവണിയുടെ സമീപത്തെ പൂട്ടിയിട്ട ഗേറ്റ് ചവിട്ടി തകർക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസുകാർ എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് കീഴടക്കി. ഇതോടെയാണ് ഒരു മണിക്കൂറിലേറെ നീണ്ട പ്രതിഷേധം അവസാനിച്ചത്. അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, ജുനൈദ് പെരിങ്ങളം, സാജിദ് റഹ്മാൻ, എൻ.പി.ഷാഫി, യാസിൻ കൂളിമാട്, കെ.ടി.ആദിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.