ADVERTISEMENT

കാക്കൂർ ∙ ജില്ലാ പഞ്ചായത്തിന്റെ നിർദിഷ്ട ശ്രദ്ധാഭവന്റെ സ്ഥലത്തു നിന്നു ചന്ദന മരങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. കാക്കൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ നടുവല്ലൂരിൽ 5.88 ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. അടുത്ത കാലത്തായി പത്ത് ചന്ദന മരങ്ങൾ ഇവിടെ നിന്നു മുറിച്ചു കടത്തിയിട്ടുണ്ട്.

കഴിഞ്ഞ മേയിലാണ് ഇവിടെ നിന്നു ചന്ദന മരങ്ങൾ മോഷണം പോയത്. 20ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ചന്ദനമോഷണത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്താനായിട്ടില്ല. എത്ര മരങ്ങളാണു മോഷണം പോയതെന്നു കണ്ടെത്താൻ സ്ഥലത്തെ ആകെ മരങ്ങളുടെ കണക്കെടുക്കാൻ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വിദഗ്ധരെ നിയോഗിച്ചിരിക്കുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ശേഷം പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് ഇവിടെ സ്ഥലം വാങ്ങിയത്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഇവിടേക്ക് റോഡ് നിർമിച്ചെങ്കിലും പിന്നീട് തുടർ പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ല.കുത്തനെ കയറ്റമുള്ള ഭാഗത്ത് 15 ലക്ഷം രൂപ വിനിയോഗിച്ച് 2016ൽ കോൺക്രീറ്റ് റോഡ് നിർമിച്ചെങ്കിലും വലിയ വാഹനങ്ങൾക്ക് എത്താൻ കഴിയില്ല. കയറ്റം കുറച്ച് ബദൽ പാത നിർമിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല.

ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് ചന്ദന മരങ്ങൾ കൂടാതെ, ആദായം ലഭിക്കുന്ന തെങ്ങ്, പ്ലാവ്, നെല്ലി, മാവ്, പുളി എന്നിവയുണ്ട്. വിഭവങ്ങൾ വിളവെടുക്കാൻ വർഷം തോറും കരാർ നൽകുന്നുണ്ട്. ഈ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിന്നും ചന്ദന മരങ്ങൾ വ്യാപകമായി മോഷണം പോയിട്ടുണ്ട്. കുന്നിൻ പ്രദേശമായതിനാൽ ഒട്ടേറെ സ്ഥലങ്ങളിൽ ചന്ദനം വളരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com