ബഷീർ ഓർമയ്ക്ക് ഇന്ന് മുപ്പതാണ്ട്
Mail This Article
ബേപ്പൂർ∙ എഴുത്തിന്റെ മാധുര്യവും നർമവും തൂലികയിലൂടെ മലയാളികൾക്ക് സമ്മാനിച്ച ബേപ്പൂർ സുൽത്താൻ കഥാവശേഷനായിട്ട് ഇന്നേക്ക് മുപ്പതാണ്ട്. ഒരു മനുഷ്യ ജന്മത്തെ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ ദിനത്തിൽ വിപുലമായ പരിപാടികളാണ് ബേപ്പൂർ വൈലാലിൽ ഒരുക്കുന്നത്.
സാംസ്കാരിക സംഗമം രാവിലെ 10.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ബാല്യകാല സഖിയുടെ 80ാം പിറന്നാൾ സ്പെഷൽ പതിപ്പിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ബഷീറിനെ അനുസ്മരിക്കും. ബഷീർ കൃതികളുടെ പ്രസാധകരായ ഡിസി ബുക്സ് സിഇഒ രവി ഡിസി അധ്യക്ഷത വഹിക്കും.
വിവിധ കാലഘട്ടങ്ങളിലെ ബഷീറിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ‘കറുപ്പിലും വെളുപ്പിലും’ ഫോട്ടോ പ്രദർശനവും വൈലാലിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രദർശനം കാണാം. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ബഷീറിന്റെ മകൻ അനീസ് ബഷീറിന്റെ സഹപാഠികളായിരുന്നവർ നിർമിച്ച ‘ചോന്ന മാങ്ങ’ ഷോർട് ഫിലിം പ്രദർശനവുമുണ്ടാകും.
ബഷീർ കൃതികൾ, കയ്യെഴുത്തു പ്രതികൾ, എഴുത്തു സാമഗ്രികൾ, പുരസ്കാരങ്ങൾ, വാർത്താ ചിത്രങ്ങൾ, ചാരുകസേര, ഗ്രാമഫോൺ, വിവിധ സ്കൂളുകളിലെ കുട്ടികൾ സമർപ്പിച്ച ബഷീർ ചിത്രങ്ങൾ, കഥാപാത്രങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി വീട്ടിലെ മ്യൂസിയം ഹാളിൽ മിനുക്കി വച്ചു. വൈകിട്ട് 3ന് വിങ്സ് അലൈവിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സംഗമം നടക്കും. സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും. മാന്ത്രികൻ പ്രദീപ് ഹൂഡിനോ, റിയാലിറ്റി ഷോ ഫെയിം കെ.സലീം, ആകാശവാണി അവതാരക മുഹ്സിന നൂറുൽ ആമീൻ എന്നിവർ പങ്കെടുക്കും. ഭിന്നശേഷി കുട്ടികളുടെ പാട്ട്, ബഷീർ കഥകൾ, സ്കിറ്റ് എന്നിവയുണ്ടാകും.