ADVERTISEMENT

കോഴിക്കോട് ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 30വർഷം തികയുകയാണ്.  ബാല്യകാലസഖിയുടെ എൺപതു വർഷങ്ങൾ പൂർ‍ത്തിയായിരിക്കുന്നു. ഇന്ന് അനുസ്മരണച്ചടങ്ങുകളിൽ വൈലാലിലെ വീട്ടുമുറ്റത്ത് എത്തുന്നവരെ കാത്ത് ‘ചോന്ന മാങ്ങ’ എന്ന ഹ്രസ്വചിത്രമിരിപ്പുണ്ട്. അനേകം അപൂർവതകളുള്ള ഹ്രസ്വചിത്രമാണ് ‘ചോന്ന മാങ്ങ’ ! ബഷീറിന്റെ ‘ബാല്യകാലസഖി’യെ ആസ്പദമാക്കിയാണ് പ്രവാസി സംവിധായകൻ കെ.കെ.ഷമീജ്കുമാർ ‘ചോന്ന മാങ്ങ’ ഒരുക്കിയിരിക്കുന്നത്. 

‘ഇവനൊരവസരം കൊടുക്കണം’ എന്ന് ബഷീർ ഒരിക്കൽ പറഞ്ഞതു കൊണ്ട് സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയതാരമാവുകയും ചെയ്ത മാമുക്കോയ അവസാനമായി അഭിനയിച്ചത് ‘ചോന്ന മാങ്ങ’യിലാണ്. ‘ചോന്ന മാങ്ങ’യിൽ മാമുക്കോയ അഭിനയിച്ചത് ബഷീറിന്റെ മകൻ അനീസ് ബഷീറിനൊപ്പമാണ്. 

വൈലാലിൽ വീട്ടിലായിരുന്നു ചിത്രീകരണം. അനീസിന്റെ ക്ഷണമനുസരിച്ചാണ് മാമുക്കോയ അഭിനയിക്കാൻ എത്തിയത്. ‘ചോന്ന മാങ്ങ’യുടെ ഡബ്ബിങ് പൂർത്തിയാക്കി മൂന്നാംദിവസമായിരുന്നു മാമുക്കോയയുടെ മരണം.എൻജിനീയറിങ് പഠ നകാലത്തു തുടങ്ങിയ സൗഹൃദമാണ് ഷമീജും അനീസ് ബഷീറും തമ്മിൽ. കുവൈത്തിൽ എൻ‍ജിനീയറായി ജോലിചെയ്യുന്ന ഷമീജ് സജീവ നാടകപ്രവർത്തകനാണ്. സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമാണ്. ബഷീറിന്റെ കഥയെ ആസ്പദമാക്കി ഒരു ഹ്രസ്വചിത്രം ഒരുക്കുന്ന കാര്യം ഇരുവരും ചർച്ച ചെയ്തിരുന്നു.

 ബാല്യകാലസഖിയിലെ ഒൻപതാം അധ്യായത്തിൽ ബഷീർ എഴുതിയിട്ട വരികളാണ് ‘താമരപ്പൂങ്കാവനത്തിൽ’ എന്ന പാട്ട്. പക്ഷേ ഈ പാട്ട് കെ.രാഘവന്റെ സംഗീതസംവിധാനത്തിൽ യേശുദാസ് ‘ബാല്യകാലസഖി’ എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുണ്ട്. അതിനുപകരം തന്റെ ഹ്രസ്വചിത്രത്തിൽ ഒരു പാട്ട് എഴുതിത്തരണമെന്ന് ഷമീജ് അനീസിനോട് ആവശ്യപ്പെട്ടു. ‘താമരപ്പൂങ്കാവനത്തിൽ’ എന്ന പാട്ടിനെ അടിസ്ഥാനമാക്കി അനീസ് ബഷീർ എഴുതിയ ‘ചോന്ന മാങ്ങ’ എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തിലുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ ഷഹബാസ് അമനാണ് ചിത്രത്തിനുവേണ്ടി ഈ പാട്ട് ഈണമിട്ടു പാടിയത്. ഇതാദ്യമായാണ് ഷഹബാസ് ഒരു ഹ്രസ്വചിത്രത്തിന് സംഗീതമൊരുക്കുന്നത്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അഭിനേത്രി പസ്കിയാണ് ചിത്രത്തിൽ സുഹ്റയായെത്തുന്നത്. മജീദായി നടൻ ജയപ്രകാശ് എത്തുന്നു. ഇന്ന് വൈലാലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഹ്രസ്വചിത്രം പ്രകാശനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com