ADVERTISEMENT

കോഴിക്കോട്∙ വൈക്കം മുഹമ്മദ് ബഷീർ ഗ്രന്ഥകർത്താവു മാത്രമല്ല ഭാഷാ കർത്താവ് കൂടിയാണെന്നു എം.പി.അബ്ദുസ്സമദ് സമദാനി എംപി.  ബഷീറിന്റെ മുപ്പതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ബേപ്പൂർ വൈലാലിൽ വീട്ടുമുറ്റത്ത് നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.  ബഷീർ സ്വന്തമായി ഭാഷയുണ്ടാക്കി. വ്യാകരണത്തിനും നിയമത്തിനും വഴങ്ങാത്ത ഭാഷ അദ്ദേഹം സൃഷ്ടിച്ചു. 

ഭാഷ മനുഷ്യന്റെതാണ് എന്നായിരുന്നു ബഷീറിന്റെ അഭിപ്രായം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയാണ് ബഷീർ ചെയ്തത്. വീടിനകത്തിരുന്ന് എഴുതുന്നതിനു പകരം അദ്ദേഹം വീടുവിട്ടു പുറത്തേക്കുവന്നു. മങ്കോസ്റ്റിൻ  മരച്ചുവട്ടിലേക്ക് വന്ന് ലോകവുമായി സംസാരിച്ചാണ് അദ്ദേഹം എഴുതിയത്.

അക്ഷരാർത്ഥത്തിൽ വിശ്വസാഹിത്യകാരൻ എന്ന് വിളിക്കേണ്ട എഴുത്തുകാരനാണ് ബഷീർ. എഴുതിയതൊക്കെ സാർവലൗകിക വിഷയങ്ങളാണ്.  താൻ ഈ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നുവെന്ന ബഷീറിയൻ വാക്യം വരും കാലത്തിന്റെ മുദ്രാവാക്യമാണെന്നും എംപി പറഞ്ഞു. പ്രസാധകൻ രവി ഡിസി അധ്യക്ഷനായിരുന്നു.  ബഷീറിന്റെ മകൻ അനീസ് ബഷീർ, മകൾ ഷാഹിന ബഷീർ, ബഷീറിന്റെ പേരക്കുട്ടികളായ വസീം അഹമ്മദ് ബഷീർ, നസീം അഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. 

അനീസ് ബഷീർ പാട്ടുകളെഴുതി കെ.കെ.ഷമീജ് കുമാർ സംവിധാനം ചെയ്ത ചോന്ന മാങ്ങയെന്ന ഹ്രസ്വചിത്രത്തിന്റെ റിലീസും ബാല്യകാലസഖി പുസ്തകത്തിന്റെ എൺപതാം പിറന്നാൾ പതിപ്പ് പ്രകാശനവും നടത്തി.രാവിലെ മുതൽ വൈകിട്ട് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്കൂളുകളിലെ കുട്ടികളും സാഹിത്യ സാംസ്കാരിക നായകരും വൈലാലിൽ വീട്ടിലേക്ക് ഒഴുകിയെത്തി. പുസ്തകപ്രദർ‍ശനവും നടത്തി.

‘‘ ബഷീറിനെ സാർ‍ എന്നു വിളിക്കണോ?’’
ബഷീർ 1986ൽ കുട്ടികൾക്കെഴുതിയ കത്ത്  അവതരിപ്പിച്ച് സന്തോഷ് ജോർജ് കുളങ്ങര
കോഴിക്കോട്∙ ‘‘ ഗാന്ധിജിയെ നമ്മൾ ഗാന്ധിജി സാറേ എന്നു വിളിക്കുമോ? യേശുദേവനെ നമ്മൾ സാർ എന്നു വിശേഷിപ്പിക്കുമോ?  അതുപോലെ വൈക്കം മുഹമ്മദ് ബഷീറിനെയും ബഷീർ സാറേ എന്നു വിളിക്കേണ്ടതില്ല. യേശുവും ഗാന്ധിജിയുമൊക്കെ എത്ര മഹാൻമാരാണ്. സാർ എന്നു വിളിക്കപ്പെടേണ്ടതിലും എത്രയോ ഉയരത്തിലാണ് അവരുടെ സ്ഥാനം. ബഷീറും അതുപോലെ എത്രയോ ഉയരത്തിലാണ്.’’ വിശ്വസഞ്ചാരി സന്തോഷ് ജോർ‍ജ് കുളങ്ങരയുടെ വാക്കുകൾ കേട്ടപ്പോൾ വൈലാലിൽ വീട്ടുമുറ്റത്ത് തിങ്ങിനിറഞ്ഞ വൻജനാവലി കയ്യടിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ഓർമദിനത്തിൽ അനുസ്മരണ പ്രസംഗത്തിനു ശേഷം വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥി ബഷീർ സാറിന്റെ കൃതികൾ എന്നു വിശേഷിപ്പിച്ചപ്പോഴായിരുന്നു സന്തോഷിന്റെ മറുപടി. 1986ൽ ബഷീർ കുട്ടികൾക്കായി എഴുതിയ ഒരു കത്തും സന്തോഷ് ജോർജ് കുളങ്ങര വേദിയിൽ അവതരിപ്പിച്ചു. സന്തോഷിന്റെ പിതാവ് ലേബർ ഇന്ത്യ തുടങ്ങിയ കാലത്ത് അതിന്റെ ആദ്യലക്കത്തിൽ കൊടുക്കാനായി ബഷീർ എഴുതി നൽകിയതായിരുന്നു ആ കത്ത്.

1986ൽ ബഷീർ കുട്ടികൾ‍ക്ക് എഴുതിയ കത്ത് ഇതാണ്:
 ‘‘ പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ പോക്കിരികളും പോക്കിരിച്ചികളുമാകരുത്. ആയാൽ നല്ല വീക്ക് കിട്ടും. അതുകൊണ്ട് മര്യാദക്കാരായി ജീവിക്കുക. ഇപ്പോൾ പഠിക്കുകയാണല്ലോ, ശരിക്ക് പഠിച്ച് പരീക്ഷകൾ പാസായി ജീവിതവിജയം കൈവരിക്കാൻ ശ്രമിക്കണം. നിങ്ങളുടെയൊക്കെ പ്രായക്കാരായ ഒരുപാട് ലക്ഷം കുട്ടികൾ വിദ്യാഭ്യസത്തിന് സൗകര്യമില്ലാതെ ജീവിക്കുന്നുണ്ട്. അതൊക്കെ നിങ്ങൾ ഓർക്കണം. ചീത്ത കൂട്ട് കൂടരുത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സൂക്ഷിക്കണം. സ്വന്തമായി ചിന്തിക്കാനും പഠിക്കാനും പറ്റണം. തല ഗ്യാസുകുറ്റിയാക്കരുത്. നിങ്ങൾക്കെല്ലാം ദീർഘായുസ്സ് നേരുന്നു. സുഖവും വിനയവും. മംഗളം’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com