മീൻ പിടിച്ചു മടങ്ങുമ്പോൾ കൂട്ടുകാർ ഞെട്ടലോടെ കണ്ടു ; മുഹമ്മദ് ഷാഫി ഒപ്പമില്ല
Mail This Article
വടകര ∙ മലപ്പുറം ചേളാരിയിൽ നിന്ന് കോട്ടത്തുരുത്തി പുഴയിൽ മീൻ പിടിക്കാൻ വന്ന കൂട്ടുകാർ, കൂടെയുണ്ടായിരുന്ന മുഹമ്മദ് ഷാഫിയെ പുഴയിൽ കാണാതായത് ഞെട്ടലോടെയാണ് ഓർക്കുന്നത്. പുലർച്ചെയാണു സംഘം മീൻ പിടിക്കാൻ എത്തിയത്. പുഴയിൽ അൽപം ഇറങ്ങി വല വീശിയായിരുന്നു മീൻപിടിത്തം. പ്രദേശവാസികൾ സമീപത്തും മറുകരയിൽ സാൻഡ് ബാങ്ക്സ് ഭാഗത്തും വല വീശുന്നുണ്ടായിരുന്നു. കിട്ടിയ മീൻ കാറിൽ വച്ച് വല ഒതുക്കി മടങ്ങാൻ തുടങ്ങുമ്പോൾ ഏറ്റവും പിന്നിലുണ്ടായിരുന്ന ഷാഫി ഒഴുക്കിൽപ്പെട്ടു. ഞൊടിയിടെ, വലിച്ചിട്ട പോലെ ആഴങ്ങളിലേക്ക് പോകുന്നത് കണ്ടു നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. രക്ഷിക്കാൻ ശ്രമിച്ച രണ്ടു കൂട്ടുകാരും അപകടത്തിൽപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.
വിവരമറിഞ്ഞ് പ്രദേശത്തെ മിൻ പിടിത്തക്കാർ ഉടൻ വള്ളങ്ങളിൽ തിരച്ചിൽ തുടങ്ങി. ചോമ്പാലിൽ നിന്ന് വടകര തീരദേശ പൊലീസിന്റെ ബോട്ടും കൊയിലാണ്ടിയിൽ നിന്ന് ഫിഷറീസിന്റെ ബോട്ടും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി. എന്നാൽ അഴിമുഖത്തോട് ചേർന്ന ഈ ഭാഗത്ത് പ്രതികൂല കാലാവസ്ഥയായതിനാൽ ഏറെ നേരം തിരച്ചിൽ നടത്താനായില്ല. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ രാത്രിയോടെ നിർത്തി. എന്നാൽ, മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
പുഴ കടലിൽ ചേരുന്ന അഴിമുഖം ഭാഗത്തെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. കോസ്റ്റ് ഗാർഡ്, ഫിഷറീസ് ബോട്ടുകൾക്ക് അഴിമുഖത്തേക്ക് അടുപ്പിക്കാൻ പ്രയാസപ്പെട്ടു. ആഴക്കടലിൽ എത്തിയ ഈ ബോട്ടുകൾ ഏറെ കഴിഞ്ഞാണ് ഈ ഭാഗത്ത് തിരിച്ചത് . പൊലീസ്, ഫയർ ഫോഴ്സ്, റവന്യു വകുപ്പ്, കടലോര ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. കെ.കെ.രമ എംഎൽഎ, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, വാർഡ് കൗൺസിലർ പി.വി.ഹാഷിം എന്നിവർ സ്ഥലത്തെത്തി.