ADVERTISEMENT

പെരുവയൽ∙ കല്ലായിപ്പുഴ ഉദ്ഭവിക്കുന്ന നരിയോറ മലയുടെ താഴ്‌വരയിലുള്ള മുത്താച്ചിക്കുണ്ടും കൈവഴിയായ മാമ്പുഴയും സ്വകാര്യ കയ്യേറ്റവും മാലിന്യങ്ങളും പേറി നീരൊഴുക്കു നിലച്ച് നാശത്തിലേക്ക്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ചെറുകുളത്തൂർ ദേശത്തെ മുത്താച്ചിക്കുണ്ടും ഇതിലേക്ക് നീരുറവ എത്തിക്കുന്ന ജൈവസമ്പന്നമായ മലയിടിയൻ കോട്ടയും കാവും നഗരത്തിന്റെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. കോടികൾ ചെലവാക്കി നടത്തിയ മാമ്പുഴ രക്ഷാപദ്ധതിയും ഫലപ്രാപ്തിയിലെത്തിക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. മുത്താച്ചിക്കുണ്ടിൽ നിന്നുദ്ഭവിച്ച് നീർച്ചാലായി ഒഴുകി മാമ്പുഴയായി മാറി പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തിൽ കൂടി ഒഴുകി കല്ലായിപ്പുഴയിൽ ചേരുന്ന 18 കിലോമീറ്റർ ദൈർഘ്യമുള്ള ഒൻപതര കിലോമീറ്ററിലാണ് നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നത്.    

ഹരിതകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും കുന്നമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളും പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകൾ 25 ലക്ഷം വീതവും അനുവദിച്ച് ഒന്നേമുക്കാൽ കോടി ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയത്. പുഴയിൽ നിന്നു നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും മതിയായ സ്ഥലത്തിന്റെ ലഭ്യതക്കുറവ് വന്നതോടെ ഇതു പൂർത്തിയാക്കാതെ നിർത്തിവച്ചു. മാമ്പുഴയിലെ സ്വകാര്യ കയ്യേറ്റങ്ങൾ തിരിച്ചു പിടിച്ചു വൃക്ഷങ്ങൾക്കു നമ്പറിടുന്ന പ്രവൃത്തി മുക്കാൽ ഭാഗവും പൂർത്തിയാക്കിയിരുന്നു. ഫലവൃക്ഷങ്ങളുടെ ആദായമെടുക്കുന്ന നടപടിയും തുടങ്ങി വച്ചെങ്കിലും കാലക്രമേണ എല്ലാം നിലച്ചു. മാമ്പുഴയിൽ വീണ്ടും ചെളിനിറഞ്ഞു. സ്വകാര്യ കയ്യേറ്റങ്ങളും സജീവമായി.

പഠനങ്ങൾ വേണ്ടുവോളം
മുത്താച്ചിക്കുണ്ടിനെയും മാമ്പുഴയെയും കുറിച്ച് പഠനങ്ങളും പദ്ധതികളും തയാറാക്കിയിട്ടുണ്ട്. പി.ടി.എ.റഹീം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 5 ലക്ഷം വിനിയോഗിച്ച് സിഡബ്ല്യുആർഡിഎമ്മിന്റെ സഹായത്തോടെ പഠനം നടത്തുകയും മാമ്പുഴയോരത്ത് ബോർഡുകൾ സ്ഥാപിക്കുകയും മുളകൾ നട്ടു വളർത്തുകയും ചെയ്തെങ്കിലും നോക്കാനാളില്ലാതെ അവ നശിച്ചു. പിന്നീട് സിഡബ്ല്യുആർഡിഎം, ഐഐഎം, പരിസ്ഥിതി സംരക്ഷണ സമിതി, ജൈവ പരിപാലന സമിതി, പുഴ സംരക്ഷണ സമിതി, കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം, മാമ്പുഴ സംരക്ഷണ സമിതി, പഞ്ചായത്ത് – റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പഠനങ്ങളും സർവേയും നടത്തി. പഠനങ്ങളും കണ്ടെത്തലുകളും ഇതനുസരിച്ച് തയാറാക്കിയ മാമ്പുഴ ടൂറിസം പദ്ധതിയുടെ വിശദമായ പ്രോജക്ടും സർക്കാരിനു സമർപ്പിച്ചിട്ടു വർഷങ്ങളായെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ല.

"കല്ലായിപ്പുഴ ഉദ്ഭവിക്കുന്ന മുത്താച്ചിക്കുണ്ട് സർക്കാർ നിശ്ചയിക്കുന്ന വില നൽകി സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷിക്കാൻ തയാറാണ്. ഇതിനു സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ വേണം. പഞ്ചായത്തിന്റെ സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്നു പരമാവധി കാര്യങ്ങൾ മാമ്പുഴ സംരക്ഷണത്തിനു വേണ്ടി ചെയ്യുന്നുണ്ട്. തുടർനടപടികളും ഉണ്ടാകും ". 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com