ADVERTISEMENT

കോഴിക്കോട്∙ ലൈസൻസില്ലാതെ കാറോടിച്ച അഞ്ചംഗ സംഘത്തിനെതിരെ കർശന നടപടി. മുക്കം സ്വദേശികളാണ് ലൈസൻസ് ഇല്ലാതെ വാടകയ്ക്ക് എടുത്ത കാറുമായി വിനോദയാത്രയ്ക്ക് കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയത്. പുൽപള്ളിയിലേക്കുള്ള യാത്രയ്ക്കിടെ മണൽവയൽ വച്ച് കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സംഘത്തിലുള്ള 5 പേർക്കും 17 വയസ്സായിരുന്നു പ്രായം. ആർക്കും തന്നെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. കാറോടിച്ച യുവാവിന്റെ സുഹൃത്ത് വഴി തരപ്പെടുത്തിയ കോട്ടയം പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ ജില്ലയിലെത്തിയത്. 

യുവാവിന്റെ രക്ഷകർത്താവ് അറിഞ്ഞാണ് യാത്ര എന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് രക്ഷിതാവിനെതിരായും കാർ ഏർപ്പാടാക്കിയ ആൾക്കെതിരായും വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരായും പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകിയാലുള്ള മോട്ടോർ വാഹന വകുപ്പിലെ പുതിയതായി കൂട്ടിച്ചേർത്ത 5.180, 199A(1)(2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  25,000 രൂപ പിഴയ്ക്ക് പുറമേ വാഹനം ഓടിച്ചയാൾക്ക് 25 വയസ്സുവരെ ലൈസൻസ് ലഭിക്കുകയുമില്ല. കൂടാതെ വാഹനമോടിച്ച യുവാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

കൗമാരക്കാരായ ലൈസൻസ് ഇല്ലാത്തവരുടെ ഡ്രൈവിങ് മൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്.

English Summary:

Strict action taken against five-member gang for driving without license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com