രണ്ടാംഘട്ട കോൺക്രീറ്റിങ് പൂർത്തിയായി; വേങ്ങേരി ഓവർപാസ് ഒരു മാസത്തിനകം തുറക്കും
Mail This Article
വേങ്ങേരി ∙ ദേശീയപാതയിൽ വേങ്ങേരി ജംക്‌ഷനിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പ് തടസ്സമുണ്ടാക്കിയ സാഹചര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ പ്ലാൻ മാറ്റി 45 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലും നിർമിക്കുന്ന ഓവർപാസിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് പൂർത്തിയായി. ഓഗസ്റ്റ് 15 ന് അകം ഈ ഭാഗം ഗതാഗതത്തിനു തുറക്കുമെന്നാണു പ്രതീക്ഷ. ഓവർപാസിനായി നേരത്തേ മണ്ണെടുത്തപ്പോൾ, 1.48 മീറ്റർ വ്യാസമുള്ള പൈപ്പ് ദേശീയപാതയിൽ കണ്ടെത്തിയിരുന്നു. പൈപ്പ് റോഡിന്റെ അരികിലാണെന്നാണു ജല അതോറിറ്റി നേരത്തേ നൽകിയ പ്ലാനിൽ ഉണ്ടായിരുന്നത്. അതോടെയാണു നിർമാണം തടസ്സപ്പെട്ടത്.
പിന്നീടു ദേശീയപാത ഉദ്യോഗസ്ഥരും കേന്ദ്ര റോഡ് ഡിസൈൻ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു പ്ലാൻ മാറ്റി യാത്രാതടസ്സം ഇല്ലാതെ ഓവർപാസ് നിർമിക്കാൻ തീരുമാനിച്ചത്.ആറു വരി ദേശീയപാതയ്ക്കു കുറുകെ വേങ്ങേരിയിൽ 45 മീറ്റർ നീളത്തിൽ 27.5 മീറ്റർ വീതിയിലാണ് ഓവർപാസ് നിർമിക്കേണ്ടത്. താൽക്കാലികമായാണ് രണ്ടു ഘട്ടമായി പാലം ഒരു ഭാഗം 13.5 മീറ്ററിൽ ഇപ്പോൾ നിർമിച്ചത്. ജംക്‌ഷനിൽ കോഴിക്കോട് - കക്കോടി റോഡിൽ മധ്യഭാഗം വരെ 45 മീറ്റർ വീതിയിൽ 13.75 മീറ്റർ നീളത്തിൽ നേരത്തേ പാലം പൂർത്തിയായിട്ടുണ്ട്. തുടർന്ന് മധ്യഭാഗത്തെ 11 തൂണുകളിൽ 4 തൂണിൽ മാത്രമായി താൽക്കാലിക ഗതാഗതത്തിനായി പാലം നിർമിക്കുകയാണ്. പൈപ്പ് മാറ്റിയ ശേഷം ബാക്കി 7 തൂണുകളിൽ പാലം നിർമിക്കും.