അയല, മത്തി, ചൂര, കാരി... തുറമുഖങ്ങൾ വീണ്ടും സജീവമാകുന്നു: ട്രോളിങ് നിരോധനം 31ന് തീരും
Mail This Article
കോഴിക്കോട്∙ 52 ദിവസത്തെ ട്രോളിങ് നിരോധനം 31ന് അവസാനിക്കാനിരിക്കെ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ വീണ്ടും സജീവമാകാനുള്ള ഒരുക്കങ്ങളിൽ. ജില്ലയിലെ ഹാർബറുകളിൽ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന 1,307 യന്ത്രവൽകൃത ബോട്ടുകളാണ് ട്രോളിങ് നിരോധനകാലത്തു കരയ്ക്കു കയറ്റിയത്. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാർബറുകൾ കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനു പോകുന്ന മുഴുവൻ ബോട്ടുകളും കടലിൽ പോകാനുള്ള ഒരുക്കത്തിലാണ്. ഡീസൽ, വെള്ളം, ഐസ്, ഭക്ഷ്യവസ്തുക്കൾ എന്നിവ നിറച്ചു തുടങ്ങിയ ബോട്ടുകളിൽ പുതിയ വല, ബോർഡ്, ജിപിഎസ്, വയർലെസ്, ഇക്കോസൗണ്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിക്കുന്നതിന്റെ തിരക്കിലാണു തൊഴിലാളികൾ.
ബേപ്പൂരിൽ ഡീസൽ നിറയ്ക്കാൻ അനുമതി
ബേപ്പൂർ∙ മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഡീസൽ നിറയ്ക്കാൻ ഫിഷറീസ് അധികൃതർ അനുമതി നൽകിയതോടെ കരുവൻതിരുത്തി, കക്കാടത്ത്, ചീർപ്പ് പാലം എന്നിവിടങ്ങളിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളും സാധനങ്ങൾ കയറ്റാനായി ജെട്ടിയിലേക്ക് എത്തിക്കുന്നുണ്ട്. ഒരു ബോട്ടിൽ ഡീസലും വെള്ളവും ഐസും നിറയ്ക്കാൻ കുറഞ്ഞതു 3 മണിക്കൂർ വരും. 31ന് മുൻപ് മുഴുവൻ ബോട്ടുകളിലും ഇന്ധനം നിറയ്ക്കാൻ കഴിയില്ലെന്നു സൂചിപ്പിച്ചാണ് ബോട്ടുടമകൾ അധികൃതരെ സമീപിച്ചത്.
ഇതിന് അനുകൂല നടപടിയുണ്ടായത് തിരക്ക് കുറയ്ക്കാൻ സഹായകമായി. ചെറുതും വലുതുമായി 631 യന്ത്രവൽകൃത ബോട്ടുകൾ ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനു പോകുന്നുണ്ട്. വലിയ ബോട്ടിൽ 4,000 ലീറ്റർ ഡീസൽ, 400 ബ്ലോക്ക് ഐസ്, 5,000 ലീറ്റർ വെള്ളം എന്നിവ ആവശ്യമാണ്. ഇതിനു പുറമേ ഭക്ഷ്യവസ്തുക്കളും കരുതണം. വല അറ്റകുറ്റപ്പണിക്കൊപ്പം ഇരുമ്പ് റോപ് മാറ്റുകയും വേണം. ആദ്യ ടേൺ പണിക്കു പോകാൻ കുറഞ്ഞത് 4.5 ലക്ഷം രൂപയെങ്കിലും ബോട്ടുടമകളുടെ കയ്യിൽ വേണം.
മത്സ്യലേലം: കൊയിലാണ്ടി ഹാർബറിൽ ആശങ്ക
കൊയിലാണ്ടി∙ ട്രോളിങ് നിരോധനത്തിനു ശേഷം കൊയിലാണ്ടി ഹാർബർ തുറക്കുന്നത് ആശങ്കയുടെ ആഴത്തിലേക്കാണ്. മത്സ്യ ലേലം ഹാർബർ വികസന സൊസൈറ്റിക്ക് നൽകിയ സർക്കാരിന്റെ പുതിയ നിർദേശമാണ് ആശങ്കയുളവാക്കിയത്. ഇത് പ്രായോഗികമല്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പരമ്പരാഗത ലേലം വിളി മാറ്റുന്നതിൽ ആശങ്കയുണ്ട്. ഹാർബറിൽ മത്സ്യ ലേലം നടത്തുന്നതുമായ ബന്ധപ്പെട്ട് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും യോഗം വിളിച്ചു ചർച്ച നടത്തണമെന്ന് ഹാർബർ വികസന സൊസൈറ്റി അംഗവും നഗരസഭ കൗൺസിലറുമായ വി.പി. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. പരമ്പരാഗത ലേലം മാറ്റുന്നത് ഭിന്നത ഉണ്ടാക്കും. ഇതു ഒഴിവാക്കാൻ യോഗം വിളിക്കണം.
ശുദ്ധജലം പോലും കിട്ടാത്ത ചോമ്പാല ഹാർബർ
വടകര∙ ചോമ്പാല ഹാർബറിന്റെ പരാധീനതകൾക്ക് ഇനിയും പരിഹാരമായിട്ടില്ല. ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന ഹാർബറിൽ ശുദ്ധജലം പോലും ലഭിക്കാത്ത സ്ഥിതിയാണ്. മത്സ്യവിതരണവും അനുബന്ധ പ്രവൃത്തികളുമായി ഒട്ടേറെപ്പേർ പേർ ജോലി ചെയ്യുന്ന ഇവിടെ അടിസ്ഥാന സൗകര്യം ഇനിയും അകലെയാണ്. രാത്രി മത്സ്യവുമായി വള്ളങ്ങൾ എത്തിയാൽ വെളിച്ചത്തിന് സ്വന്തമായി ജനറേറ്റർ കരുതണം.
മത്സ്യം കയറ്റി അയക്കുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ല. അതിന് പുറമേയാണ് ഹാർബറിൽ എത്തുന്ന മറ്റു വാഹനങ്ങൾ. പാർക്കിങ്ങ് സൗകര്യം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മത്സ്യബന്ധനത്തിനിടെ തൊഴിലാളികൾക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. കടലിൽ വീണും കടൽക്ഷോഭത്തിൽ അകപ്പെട്ടും പരുക്കുമായി എത്തുന്ന തൊഴിലാളികളെ എടുത്തു കൊണ്ടുപോകാൻ സ്ട്രക്ചറോ പ്രഥമ ശുശ്രൂാ സൗകര്യമോ ഇവിടെ ഇല്ല. ട്രോളിങ് നിരോധനം പിൻവലിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചോമ്പാൽ ഹാർബറിൽ ബോട്ടുകളിലെ ഡബിൾ നെറ്റ് വലകൾ തയാറാക്കുന്ന ജോലികളിലാണു മത്സ്യതൊഴിലാളികൾ. ട്രോളിങ് അവസാനിക്കുമ്പോഴേക്കും ഉണക്കിയ വലകൾ ബോട്ടുകളിൽ എത്തിക്കണം. മറ്റ് ഹാർബറുകളെ അപേക്ഷിച്ച് ചോമ്പാലയിൽ ബോട്ടുകളുടെ എണ്ണം കുറവാണ്. ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത് അധികവും പരമ്പരാഗത മത്സ്യതൊഴിലാളികളാണ്. മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കാത്ത രീതിയിൽ മുകൾ തട്ടിലുള്ള മത്സ്യബന്ധനം നടത്തുന്നതിനാൽ കടലിൽ പോകാൻ ഇവർക്ക് വിലക്കുകളില്ല.