തങ്കമല ക്വാറിയിലെ ഖനനം നിർത്തി വയ്ക്കണമെന്ന ആവശ്യം ശക്തം
Mail This Article
കീഴരിയൂർ∙ കീഴരിയൂർ - തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന തങ്കമല ക്വാറിയിലെ ഖനനം നിർത്തി വയ്ക്കണമെന്ന ആവശ്യം ശക്തം. ക്വാറിക്ക് താഴ്‌വാരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളം നടുവത്തൂർ ബ്രാഞ്ച് കനാലിലേക്ക് ഒഴുക്കി വിടുന്നത് പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നുണ്ട്. കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പാറ പൊട്ടിച്ച സ്ഥലത്ത് വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണിയാണ്.
ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകൾ മലിനമായി. ഖനന സമയത്ത് കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകൾക്ക് മുകളിലും അങ്കണവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീഴുന്നു. ക്വാറി കീഴരിയൂർ പഞ്ചായത്തിലും മൊബൈൽ ക്രഷർ യൂണിറ്റ് തുറയൂർ പഞ്ചായത്തിലുമാണ്. തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലക്ടറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇടത്തിൽ ശിവൻ കലക്ടർക്ക് നിവേദനം നൽകി.